ന്യൂഡല്‍ഹി: ഉദയ്പൂര്‍ കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ ബി.ജെ.പി ബന്ധവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്.
ഉദയ്പൂരില്‍ തയ്യല്‍തൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിയാസ് അത്താരിയെ ബി.ജെ.പി വേദിയില്‍ ആദരിക്കുന്ന ചിത്രമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ട്വിറ്ററില്‍ ചിത്രം പുറത്തുവിട്ട് ബി.ജെ.പിയെ കടന്നാക്രമിച്ചിരിക്കുന്നത്. ബിജെ.പിയുടെ ദേശസ്‌നേഹത്തിന്റെ യാഥാര്‍ത്ഥ്യം ഈ ചിത്രത്തില്‍ വ്യക്തമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഭീകരവാദികളുമായുള്ള ബി.ജെ.പി സഖ്യം എല്ലാവര്‍ക്കും മുന്‍പില്‍ പരസ്യമായിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഉദയ്പൂര്‍ കൊലപാതക കേസിലെ ബി.ജെ.പിയുടെ ബന്ധമാണ് ഇതിലൂടെ പുറത്തായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഉദയ്പൂര്‍ കേസില്‍ അറസ്റ്റിലായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ മൂന്നുവര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം ‘ഇന്ത്യാ ടുഡേ’ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. കൊലയാളികളില്‍ ഒരാളായ റിയാസ് അത്താരി പാര്‍ട്ടിയുടെ വിശ്വസ്തര്‍ മുഖേന നിരവധി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019ല്‍ സൗദി അറേബ്യയില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവായ ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി പരിപാടികളില്‍ നേതാക്കള്‍ക്കൊപ്പമുള്ള റിയാസിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
ഒരു പതിറ്റാണ്ടിലേറെയായി ബി.ജെ.പി പ്രാദേശിക നേതൃത്വത്തില്‍ സജീവസാന്നിധ്യമാണ് ഇര്‍ഷാദ്. ഉദയ്പൂരിലെ ബി.ജെ.പി പരിപാടികളില്‍ റിയാസ് പങ്കെടുക്കാറുണ്ടെന്ന് ഇര്‍ഷാദ് സമ്മതിച്ചതായി ‘ഇന്ത്യാ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജസ്ഥാന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഗുലാബ് ചന്ദ് കഠാരിയയുടെ അടക്കം പരിപാടികളെ സ്ഥിരംസാന്നിധ്യമാണ് റിയാസ്. കഠാരിയയ്‌ക്കൊപ്പമുള്ള റിയാസിന്‍റെ ചിത്രവും പ്രചരിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം തന്നോട് പറഞ്ഞ കാര്യവും ഇര്‍ഷാദ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സ്വകാര്യ സംഭാഷണങ്ങളില്‍ ബി.ജെ.പിയെ വിമര്‍ശിക്കാറുണ്ടെന്നും ഇര്‍ഷാദ് ചൂണ്ടിക്കാട്ടുന്നു.