കൽപ്പറ്റ: എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് വയനാട്, കൽപ്പറ്റയിൽ കൂറ്റൻ പ്രകടനവുമായി കോൺഗ്രസ്. കെ.സി. വേണുഗോപാൽ, എംപിമാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, രമ്യാ ഹരിദാസ്, ടി സിദ്ദിഖ് എംഎൽഎ, വി.ടി ബൽറാം തുടങ്ങിയവരും ആയിരക്കണക്കിന് പ്രവർത്തകരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്.
പിണറായിയും കൂട്ടരും അക്രമം നിർത്തി മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. വയനാട് ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം കൽപ്പറ്റ നഗരത്തിലേക്കാണ് പോകുന്നത്. കൽപ്പറ്റയിൽ വെച്ച് നടക്കുന്ന പൊതുയോഗത്തിൽ നേതാക്കൾ പ്രസംഗിക്കും. പ്രവർത്തകർ സ്വയം നിയന്ത്രിച്ചു കൊണ്ട് മുന്നോട്ട് പോകണമെന്ന് നേതാക്കൾ നിരന്തരം നിർദ്ദേശം നൽകുന്നുണ്ട്.
ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ നേരിടാൻ കനത്ത പോലീസ് സന്നാഹത്തേയും വിന്യസിച്ചിട്ടുണ്ട്. എന്നാൽ പോലീസിനെ ഒരുവിധത്തിലും പ്രകടനത്തിനിടയിലേക്ക് കടത്തി വിടുന്നില്ല എന്നതും ശ്രദ്ധേയമാണ്. പോലീസ് ഒരുവിധത്തിലും കോൺഗ്രസ് പ്രവർത്തകരെ നിയന്ത്രിക്കേണ്ട എന്ന വാദമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.
ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ഓഫീസില്‍ അതിക്രമിച്ചുകയറിയ അമ്പതിലേറെ പ്രവര്‍ത്തകര്‍ ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിച്ചു. ഇതാണ് രാജ്യമൊട്ടുക്കും കോൺഗ്രസിന്റെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.