KeralaNewsPolitics

‘സാധാരണക്കാരി, വിപ്ലവ തീരുമാനം’; ജെബി സ്ഥാനാർഥിയായത് പരിഹസിച്ച് ഷാനിമോൾ

തിരുവനന്തപുരം: ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. സീറ്റ് നല്‍കിയത് സാധാരണക്കാരിയായ പ്രവര്‍ത്തകയ്ക്കെന്ന് രാഷ്ട്രീയകാര്യ സമിതിയിലാണ് ഷാനിമോള്‍ പരിഹസിച്ചത്.

വിപ്ലവകരമായ തീരുമാനം ദേശീയതലത്തില്‍ ഗുണംചെയ്യും. രാജ്യസഭാ സീറ്റിന് പേരുകള്‍ നല്‍കിയത് തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണ്. തിരഞ്ഞെടുപ്പ് സമിതിയെ നോക്കുകുത്തിയാക്കിയതിന് നേതൃത്വത്തിന് അഭിനന്ദനമെന്നും ഷാനിമോള്‍ പറഞ്ഞു.

പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരെയും രാഹുൽ ഗാന്ധിയെ വിമർശിച്ച പി ജെ കുര്യനെതിരെയും കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ രൂക്ഷവിമർശനം. ഇരുവർക്കുമെതിരായ പരാതികളിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടെയെന്ന് രാഷ്ട്രീയകാര്യസമിതി നിലപാടെടുത്തു. പി ജെ കുര്യനും സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി മൂലം മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ നിന്ന് വിട്ടുനിന്നു.

അംഗ്വത്വ വിതരണത്തിന് ശേഷം നടന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം മുതിർന്ന നേതാക്കൾക്കെതിരായ വിമർശനത്തോടെയാണ് തുടങ്ങിയത്. പി ജെ കുര്യനും കെ വി തോമസും പാർട്ടിയിൽ നിന്ന് എല്ലാം നേടിയിട്ട് പാർട്ടിയെ തള്ളിപ്പറഞ്ഞുവെന്ന് ടി എൻ പ്രതാപൻ വിമര്‍ശിച്ചു. കർശനമായ അച്ചടക്ക നടപടി വേണമെന്ന പ്രതാപന്റെ ആവശ്യത്തെ ആരും എതിർത്തില്ല. കെ വി തോമസിനെതിരെയുള്ള പരാതി അച്ചടക്കസമിതി പരിഗണിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഇപ്പോൾ മറ്റ് നിലപാടുകൾ വേണ്ടെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. പി ജെ കുര്യൻ രാഹുൽ ഗാന്ധിക്കെതിരെ ഉയർത്തിയ വിമർശനം ഹൈക്കമാൻഡിന്റെ ശ്രദ്ധയിലുണ്ടെന്നും അവർ നിലപാടെടുക്കട്ടെയെന്നും കെപിസിസി നേതൃത്വം വിശദീകരിച്ചു.

അതേസമയം, യോഗത്തിന് നിന്ന് പി ജെ കുര്യനും കെ വി തോമസും വിട്ടുനിന്നു. വ്യക്തിപരമായ അസൗകര്യമറിയിച്ചാണ് പി ജെ കുര്യൻ യോഗത്തിൽ പങ്കെടുക്കാത്തതെന്ന് അറിയിച്ചത്. എന്നാൽ ഇന്നലത്തെ വിമർശനത്തിന് പിന്നാലെ താനായിരിക്കും ചർച്ചയുടെ കേന്ദ്ര ബിന്ദുവെന്ന് തിരിച്ചറിഞ്ഞാണ് കുര്യൻ വരാതിരുന്നതെന്നാണ് സൂചന. ഇന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന മുല്ലപ്പള്ളി കെപിസിസി നേതൃത്വവുമായി കുറേകാലമായി അകന്ന് നിൽക്കുകയാണ്. സർക്കാരിനെതിരെ സമര പരിപാടികളുൾപ്പടെ നടത്തുന്നതിൽ നേതൃത്വം പരാജയമാണെന്നാണ് മുല്ലപ്പള്ളിയുടെ വിലയിരുത്തൽ. അതിനിടെ വീണ്ടും സംസ്ഥാന നേതൃത്വത്തെ കെ വി തോമസ് വിമർശിച്ചു.

അംഗത്വ വിതരണത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തത് മെമ്പർഷിപ്പിനെ ബാധിച്ചുവെന്ന വിമർശനം രാഷ്ട്രീയ കാര്യസമിതിയിൽ ഉയർന്നു. കേന്ദ്ര നേതൃത്വം നിർദ്ദേശിച്ച സമയക്രമം പാലിക്കുന്നതിൽ വീഴ്ച പറ്റി. കുറഞ്ഞ സമയത്തിനുള്ളിൽ അംഗത്വവിതരണം തീർക്കുന്നതിൽ വെല്ലുവിളി ഉണ്ടായെന്ന് കെ സുധാകരൻ മറുപടി നൽകി. ഡിജിറ്റൽ വഴിയും കടലാസ് വഴിയും 35 ലക്ഷത്തിലധികം അംഗങ്ങളെ ചേർക്കനായെന്ന് പ്രസിഡന്റ് അറിയിച്ചു. തൃക്കാക്കരെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടക്കാനും യോഗം തീരുമാനിച്ചു.

‘രാഹുൽ വിമർശന’ത്തിൽ വിശദീകരണവുമായി പി ജെ കുര്യൻ

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിൽ വിശദീകരണവുമായി കോൺ​ഗ്രസ് നേതാവ് പി ജെ കുര്യൻ. രാഹുൽ ഗാന്ധിക്കെതിരെയും നെഹ്റു കുടുംബത്തിനെതിരെയും താൻ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നാണ് പി ജെ കുര്യൻ്റെ വിശദീകരണം. അഭിമുഖത്തിലെ വാചകങ്ങൾ അപൂർണ്ണമായി പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണ പരത്തി. ജി – 23 യുടെ സമീപനം എന്തെന്ന ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്തത്. വ്യവസ്ഥാപിതമായ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ആയാൽ അതിനെ സ്വാഗതം ചെയ്യുമെന്നാണ് പറഞ്ഞതെന്നും പി ജെ കുര്യൻ വിശദീകരിച്ചു. സ്ഥിരതയില്ലാത്ത നേതാവാണ് രാഹുൽഗാന്ധിയെന്ന് കേരളശബ്ദത്തിന് നൽകിയ അഭിമുഖത്തിൽ പി ജെ കുര്യൻ ആരോപിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. നെഹ്റു കുടുംബത്തിൽ നിന്ന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് പ്രസിഡന്റായി വേണമെന്നും കുര്യൻ തുറന്നടിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker