KeralaNews

6 മണ്ഡലങ്ങളില്‍ പുതിയ ഫോര്‍മുലയുമായി കോൺഗ്രസ് നേതൃത്വം,സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

തിരുവനന്തപുരം:ഹൈക്കമാന്‍ഡടക്കം ഇടപെട്ട് ചര്‍ച്ച നടത്തിയിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാത്ത ആറ് മണ്ഡലങ്ങളില്‍ പുതിയ ഫോര്‍മുലയുമായി നേതൃത്വം. രാഹുല്‍ഗാന്ധിയുടെ കൂടി ഇടപെടലില്‍ തര്‍ക്ക മണ്ഡലങ്ങളിലെ പ്രഖ്യാപനം നാളെ നടക്കും. അവസാനവട്ടചര്‍ച്ചകളിലും ഇല്ലാതിരുന്ന ഒറ്റപ്പാലത്തെ സ്ഥാനാര്‍ത്ഥി ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ച് രാഹുല്‍ഗാന്ധിയുടെ ഇടപെടലിലൂടെ പട്ടികയില്‍ ഇടം നേടി.

തലമുറമാറ്റമടക്കം അവകാശപ്പെട്ട് പട്ടിക പ്രഖ്യാപിക്കുമ്പോള്‍ ബാലികേറാമലയായി കോണ്‍ഗ്രസിന് മുന്‍പിലുള്ളത് കല്‍പറ്റ, നിലമ്പൂര്‍, തവനൂര്‍, പട്ടാമ്പി, കുണ്ടറ, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളാണ്. പി സി വിഷ്ണുനാഥിന്‍റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് വട്ടിയൂര്‍ക്കാവ് കുണ്ടറ മണ്ഡലങ്ങളിലെ പ്രതിസന്ധി. ടി സിദ്ദിഖിന്‍റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കല്‍പറ്റ, നിലമ്പൂര്‍, പട്ടാമ്പി മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൃശങ്കുവിലാക്കി. തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരായ പ്രതിഷേധമാണ് പ്രശ്നം. കല്‍പറ്റയില്‍ ടി സിദ്ദിഖ്, നിലമ്പൂരില്‍ വി വി പ്രകാശ്, തവനൂരില്‍ റിയാസ് മുക്കോളി, പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്ത്, കുണ്ടറയില്‍ മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്ററര്‍, വട്ടിയൂര്‍ക്കാവില്‍ പി സി വിഷ്ണുനാഥ് എന്നിവരെ നിര്‍ദ്ദേശിക്കുന്ന ഫോര്‍മുലയാണ് നേതൃത്വം മുന്‍പോട്ട് വെക്കുന്നത്.

വിഷ്ണുനാഥിനെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ സ്ഥിരീകരിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ സീറ്റ് നേടി. ഗ്രൂപ്പ് കളിയില്‍ സീറ്റില്ലെന്ന് മനസിലായതോടെ ദില്ലിയിലെത്തി രാഹുല്‍ഗാന്ധിയെ നേരില്‍ കണ്ട് ഒറ്റപ്പാലത്ത് ഡോ പി സരിനും സീറ്റുറപ്പിച്ചു. അതേ സമയം തര്‍ക്ക സ്ഥലങ്ങളിലെ നേതാക്കളുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും നാളെയും ചര്‍ച്ച നടത്തും. കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിയുടെ നിലപാടും നിര്‍ണായകമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button