രാഹുലിന് പകരം അധ്യക്ഷ പദത്തിലേക്ക് കേരളത്തിന്റെ ചുമതലയുള്ള നേതാവ്?
തിരുവനന്തപുരം: കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് രാഹുല്‍ ഗാന്ധിയ്ക്ക് പകരം കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് തന്നെ വാസ്‌നിക്കിനെ അധ്യക്ഷനാക്കാന്‍ മുന്‍കൈയെടുക്കുന്നതും രാഹുല്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ സാമൂഹ്യനീതിയും ശാക്തീകരണവും എന്ന വകുപ്പിന്റെ ചുമതല വഹിച്ച മുന്‍ കേന്ദ്ര മന്ത്രിയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള മുകുള്‍ വാസ്നിക്. മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ സാമൂഹ്യ നീതി മന്ത്രിയായിരുന്നു. 1984-86ല്‍ എന്‍.എസ്.യു ഐയുടെയും 1988-90ല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ദേശീയ അധ്യക്ഷനായിരുന്നു. 1984ല്‍ 25-ാംവയസില്‍ മഹാരാഷ്ട്രയിലെ രാംടെക്കില്‍ നിന്ന് ലോക്സഭയിലെത്തിയ മുകുള്‍ വാസ്നിക് 91-96ലും 98-99ലും മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ നിന്നാണ് എം.പിയായത്. മുകുള്‍ വാസ്നിക്കിന്റെ പിതാവ് ബാലകൃഷ്ണ വാസ്നിക്കും മൂന്നു തവണ രാംടെക്കില്‍ നിന്ന് എം.പിയായിരുന്നു. കേന്ദ്രമന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായി 2012 ഒക്ടോബര്‍ 27-ന് മന്ത്രി പദവിയില്‍ നിന്നും രാജിവക്കുകയായിരുന്നു.
അതേസമയം പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്നു ചേരും. വൈകിട്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വാര്‍ റൂമിലാണ് യോഗം. എ.കെ ആന്റണി, ഗുലാംനബി ആസാദ്, പി. ചിദംബരം, അശോക് ഗെഹ്ലോട്ട്, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജയ്‌റാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് കോര്‍ കമ്മിറ്റിയംഗങ്ങള്‍. യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും കമ്മിറ്റിയില്‍ അംഗമാണെങ്കിലും തന്റെ മണ്ഡലമായ റായ്ബറേലിയില്‍ സന്ദര്‍ശനത്തിലായതിനാല്‍ യോഗത്തില്‍ സംബന്ധിക്കില്ല.