ഡല്‍ഹി കലാപത്തെച്ചൊല്ലി ലോക്‌സഭയില്‍ കയ്യാങ്കളി; പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ് എം.പി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെച്ചൊല്ലി പാര്‍ലമെന്റില്‍ കയ്യാങ്കളി. പ്രതിഷേധ ബാററുമായി സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യ ഹരിദാസ് എം.പിയെ ബി.ജെ.പി വനിതാ അംഗം തടഞ്ഞു. ബിജെപി എംപി ജസ്‌കൗര്‍ മീണ ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിച്ചതെന്നും ചോദിച്ച് രമ്യ സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ജസ്‌കൗര് മീണ മര്‍ദിച്ചെന്ന് കാണിച്ച് രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കി.
കലാപം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ടുമണിവരെ നിര്‍ത്തിവച്ചു. രണ്ടുമണിക്ക് ശേഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ബില്ല് അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു.
ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബാനറുമായി ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയ ഗൗരവ് ഗൊഗോയ്, ഹൈബി ഈഡന്‍ എന്നിവര്‍ ബിജെപി എംപി സാംസാരിച്ചു തുടങ്ങിയപ്പോള്‍ മുഖം മറയ്ക്കുന്ന തരത്തില്‍ ബാനറുമായി ഭരണനിരയ്ക്ക് അടുത്തെത്തിയപ്പോഴാണ് കയ്യാങ്കളിയുണ്ടായത്.
ബിജെപി എംപിമാരെത്തി ഇരുവരെയും പിടിച്ച് തള്ളി. അതോടെ ബഹളം സംഘര്‍ഷത്തിന് വഴിമാറി. ഇതിന് പിന്നാലെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ലോക്സഭയില്‍ ബഹളം വച്ച എംപിമാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.