ന്യൂഡൽഹി:കൊവിഡ് വാക്സീൻ്റെ കാര്യത്തിൽ രാഷ്ട്രീയ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. സൗജന്യ വാക്സിനേഷൻ തുടരുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്രചാരണം തള്ളണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വാക്സീൻ തല്ക്കാലം കേന്ദ്രത്തിനേ നല്കൂ എന്ന് സിറം ഇൻസ്റ്റിറ്റയൂട്ട് അറിയിച്ചതായി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ വ്യക്തമാക്കി.
ഓക്സിജൻ ഇല്ലാതെ പ്രധാനനഗരങ്ങൾ. രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാതെ പ്രധാന ആശുപത്രികൾ. ആവശ്യമായ മരുന്നുകളുടെ വൻ ക്ഷാമം. വാക്സീൻ കേന്ദ്രങ്ങളിൽ തിക്കും തിരക്കും. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശനം ഉയരുമ്പോൾ ഇത് നേരിടാനായിരുന്നു മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രിയുടെ ശ്രമം. ആരോഗ്യപ്രവർത്തകരുമായി പരിപാടിക്കിടെ സംസാരിച്ച മോദി അവരുടെ ധൈര്യത്തിന് നന്ദി പറഞ്ഞു. സൗജന്യ വാക്സിനേഷൻ തുടരമെന്ന് വ്യക്തമാക്കിയ മോദി 18നും 45 നും ഇടയ്ക്കുള്ളവർക്ക് ഇതു കിട്ടുമോ എന്ന് വിശദീകരിച്ചില്ല
സംസ്ഥാനങ്ങൾക്ക് വാക്സീൻ നേരിട്ടു വാങ്ങാം എന്ന നയം വന്നെങ്കിലും കമ്പനികൾ ഇതിനു തയ്യാറല്ലെന്ന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ കുറ്റപ്പെടുത്തി. അടുത്ത മാസം പതിനഞ്ച് വരെ എങ്കിലും 18നു മുകളിലുള്ളവർക്ക് നൽകാനുള്ള വാക്സീൻ കമ്പനികളിൽ നിന്നും കിട്ടില്ലെന്നാണ് രാജസ്ഥാൻ, ചത്തീസ്ഗഡ്, പഞ്ചാബ് ജാർഖണ്ഡ് ആരോഗ്യമന്ത്രിമാർ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
വിദേശകമ്പനികളിൽ നിന്ന് വാക്സീൻ നേരിട്ടു വാങ്ങാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതായി മഹാരാഷ്ട്ര വ്യക്തമാക്കി. ഭരണസംവിധാനം തന്നെ തകർന്നെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വാക്സീൻ്റെ വിലയ്ക്ക് പിന്നാലെ ലഭ്യതയുടെ കാര്യത്തിലും കേന്ദ്രത്തിനും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും ഇടയിലെ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.