മരട് പൊളിയ്ക്കൽ:അനധികൃത ഫ്ലാറ്റ് നാർമ്മാണത്തിന് ഉത്തരവാദികൾ സർക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ കണ്ടെത്തൽ
കൊച്ചി: മരടിലെ (illegal construction in Maradu) അനധികൃത നിർമ്മാണത്തിന് ഉത്തരവാദികൾ സർക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ്റെ കണ്ടെത്തൽ. നിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്ന് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നു.
തീരദേശസംരക്ഷണ നിയമം ലംഘിച്ച് മരടിൽ പണിത് ഉയർത്തിയ അനധികൃതനിർമ്മാണത്തിന് ഉത്തരവാദികൾ സർക്കാരിലെയും മരട് നഗരസഭയിലെയും ഉദ്യോഗസ്ഥരാണെനന്നാണ് റിട്ട ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ കമ്മീഷൻ്റെ കണ്ടെത്തൽ. അനധികൃതഫ്ലാറ്റുകൾ നിർമ്മിച്ചതിന് ഉത്തരവാദികൾ ബിൽഡർമാരല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തുറന്ന കോടതിയിൽ റിപ്പോർട്ടിലെ കണ്ടെത്തൽ വായിച്ചതിന് പിന്നാലെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തെണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടില്ല. റിപ്പോർട്ടിന്റെ പൂർണ്ണരൂപം കേസിലെ എല്ലാ കക്ഷികൾക്ക് നൽകാനും റിപ്പോർട്ടിനെ സംബന്ധിച്ച് എന്തെങ്കിലും തർക്കമുണ്ടെങ്കിൽ സെപ്തംബർ ആറിനകം കോടതിയെ സമീപിക്കാനും നിർദ്ദേശമുണ്ട്.
കേസ് വീണ്ടും സെപ്തംബർ ആറിന് പരിഗണിക്കും.അന്ന് ഇതുസംബന്ധിച്ച അന്വേഷണത്തിന് കോടതി ഉത്തരവിടാനാണ് സാധ്യത. നേരത്തെ സംസ്ഥാനസർക്കാർ ഫ്ലാറ്റ് ഉടമകൾക്ക് നൽകിയ നഷ്ടപരിഹാരം ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്ന് തിരിച്ചുപിടിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകളാണ് മരടിൽ പൊളിച്ചത്.
അനധികൃത നിർമ്മാണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥർക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിർമ്മാതാക്കൾക്കാണോ എന്ന് കണ്ടെത്താനാണ് കമ്മീഷനെ സുപ്രീം കോടതി നിയോഗിച്ചത്. റിപ്പോർട്ടിലെ കണ്ടെത്തൽ കേസിൽ നിർണ്ണായകമാണ്.കൂടാതെ നഷ്ടപരിഹാരം സംബന്ധിച്ച് ഫ്ലാറ്റ് നിർമ്മാതാക്കൾ നൽകിയ ഹർജിയും കോടതി പരിഗണിച്ചു.