CrimeNationalNews

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കോളേജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു;പിന്നാലെ യുവാവിന്റെ ആത്മഹത്യാശ്രമം

ചെന്നൈ:താംബരം റെയിൽവേ സ്റ്റേഷനുസമീപം എം.സി.സി. കോളേജ് വിദ്യാർഥിനിയെ പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് കുത്തിക്കൊന്നു. ക്രോംപ്പെട്ട് ഭാരതി നഗറിലെ ശ്വേതയെ (20) ആണ് കാർ കമ്പനി ജീവനക്കാരനായ രാമചന്ദ്രൻ (23) കുത്തിക്കൊന്നത്.

താംബരം എം.സി.സി. കോളേജിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.ടി.) രണ്ടാംവർഷ വിദ്യാർഥിനിയാണ് ശ്വേത. ശ്വേതയെ കുത്തിയശേഷം രാമചന്ദ്രൻ കഴുത്തിൽ സ്വയംകുത്തി ആത്മഹത്യചെയ്യാൻ ശ്രമിച്ചു.

പോലീസെത്തി രണ്ടുപേരെയും ക്രോംപ്പെട്ട് ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്വേത മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഇരുവരും മൂന്നുവർഷമായി പരിചയമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ചാണ് സബർബൻ തീവണ്ടിയിൽ യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം തീവണ്ടിയാത്രയ്ക്കിടെ രാമചന്ദ്രനുമായി പിണങ്ങിയ ശ്വേത താംബരം റെയിൽവേ സ്റ്റേഷനിലിറങ്ങി. കോളേജിലേക്ക് പോകുമ്പോൾ പിറകെയെത്തിയ രാമചന്ദ്രൻ ശ്വേതയുമായി തർക്കത്തിലായി. തുടർന്ന് പോക്കറ്റിൽ സൂക്ഷിച്ച കത്തിയെടുത്ത് ശ്വേതയെ കുത്തുകയായിരുന്നു.

ചെന്നൈ സബർബൻ റെയിൽവേ സ്റ്റേഷനിലും സമീപത്തുമായി കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് എം.സി.സി. വിദ്യാർഥിനി ശ്വേതയ്ക്കെതിരെ യുണ്ടായത്. 2016-ൽ ജൂൺ നാലിന് സോഫ്റ്റ് വേർ എൻജിനിയറായ സ്വാതി(26)യെ ബി ടെക് ബിരുദധാരിയായ രാംകുമാർ നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ വെട്ടിക്കൊന്നിരുന്നു. പ്രണയം നിരസിച്ചതിനാലാണ് രാംകുമാർ വെട്ടിക്കൊന്നിരുന്നത്. ഫെയ്സ് ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്.

രാംകുമാറിന്റെ പ്രണയാഭ്യർഥനകൾ നിരസിച്ചതിനെ തുടർന്നാണ് കൊലനടത്തിയതെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന രാംകുമാർ 2016 സെപ്റ്റംബറിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. വൈദ്യുതി വഹിച്ചിരുന്ന വയർ കടിച്ച് പിടിച്ച് ഷോക്കോല്പിച്ചാണ് ആത്മഹത്യ ചെയ്തിരുന്നത്. തുടർന്ന് 2019-ൽ ജൂണിൽ യുവതിയെ യുവാവ് കുത്തി പരിക്കേല്പിച്ചിരുന്നു. എന്നാൽ യുവതി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

റെയിൽവേ സ്റ്റേഷനുകളിലും സമീപത്തും കുറ്റകൃത്യങ്ങൾ നടക്കുമ്പോഴെല്ലാം സ്റ്റേഷനുകളിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരാറുണ്ട്. അല്പ കാലത്തേക്ക് എല്ലാ റെയിൽവേ സ്റ്റേഷനിലും പോലീസ് സുരക്ഷ ഏർപ്പെടുത്താറുണ്ടെങ്കിലും പിന്നീട് സുരക്ഷ നാമമാത്രമാണ്. ശ്വേത സ്റ്റേഷനിൽനിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കുത്തികൊന്നത്. അതിനാൽ ലോക്കൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker