പുതുവര്‍ഷത്തില്‍ റെക്കോര്‍ഡിട്ട് കൊച്ചി മെട്രോ
കൊച്ചി: പുതുവര്‍ഷ ദിനത്തില്‍ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചത് ഒന്നേകാല്‍ ലക്ഷത്തിലധികം യാത്രക്കാര്‍. രാത്രി അവസാന സര്‍വീസും പൂര്‍ത്തിയായ ശേഷം കെഎംആര്‍എല്‍ പുറത്തുവിട്ട കണക്കനുസരിച്ച് 1,25,131 പേരാണ് ബുധനാഴ്ച മാത്രം മെട്രോയില്‍ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12ന് 1,01,983 യാത്രക്കാര്‍ മെട്രോയില്‍ സഞ്ചരിച്ചതാണ് ഇതിനുമുന്‍പുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്. അന്ന് നിരക്കില്‍ ഇളവുവരുത്തിയതാണ് കാരണമെങ്കില്‍ ഇന്നലെ പൗരത്വഭേതഗതി ബില്ലിനെതിരേ നഗരത്തില്‍ നടന്ന മുസ്ലിം സംഘടനകളുടെ പ്രതിഷേധ പരിപാടിയായിരുന്നു കാരണമായത്.
പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിന് നഗരത്തിലേക്ക് വന്ന സമരക്കാര്‍ കൂട്ടമായി മെട്രോ യാത്ര പ്രയോജനപ്പെടുത്തിയതാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഇത്രവലിയ വര്‍ധനവ് ഉണ്ടാകാന്‍ ഇടയാക്കിയത്. മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷന്‍, ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷന്‍, കലൂര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലൊക്കെ വലിയ തിരക്കായിരുന്നു. പ്രതിഷേധ പരിപാടി കഴിഞ്ഞ് മടങ്ങിപ്പോയവരും മെട്രോയെയാണ് ആശ്രയിച്ചത്. പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ട് നഗരത്തിന്റെ പ്രധാന റോഡുകളിലെല്ലാം ഗതാഗതം നിശ്ചലമായതിനാലും സാധാരണ യാത്രക്കാരും മെട്രോയെ ആശ്രയിച്ചു.
2019 ലെ ആകെ യാത്രക്കാരുടെ എണ്ണത്തിലും കൊച്ചി മെട്രോ റിക്കാര്‍ഡിട്ടു. 1,65,99,020 പേരാണു കഴിഞ്ഞ വര്‍ഷം മെട്രോയില്‍ യാത്ര ചെയ്തത്. 2018നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 32 ശതമാനം വര്‍ധനവ് ഉണ്ടായെന്ന് കെഎംആര്‍എല്‍ അറിയിച്ചു. 2018ല്‍ ആകെ 1,24,95,884 പേരായിരുന്നു മെട്രോ യാത്രക്കാര്‍. ഇതിനേക്കാള്‍ 41 ലക്ഷം പേര്‍ കൂടുതലാണ് കഴിഞ്ഞ വര്‍ഷം യാത്രക്കാക്കാരായി എത്തിയത്. 2019 സെപ്തംബര്‍ മൂന്ന് വരെ 88,83,184 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു.