FeaturedNationalNews

കല്‍ക്കരി ക്ഷാമം: പഞ്ചാബിലും മഹാരാഷ്ട്രയിലും താപവൈദ്യുതി നിലയങ്ങള്‍ അടച്ചു

ചണ്ഡീഗഢ്/മുംബൈ: കൽക്കരി ക്ഷാമത്തെ തുടർന്നുണ്ടായ പ്രതിസന്ധിയെത്തുടർന്ന് മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബിൽ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി.

3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോൾ മഹാരാഷ്ട്ര നേരിടുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാൻ ഹൈഡ്രോപവർ യൂണിറ്റുകളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മഹാരാഷ്ട്ര വൈദ്യുത സ്റ്റേറ്റ് ഇലക്ട്രിസിറ്റ് കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങൾ രാവിലെ 6 മുതൽ 10 വരേയും വൈകുന്നേരം 6 മുതൽ പത്ത് വരേയും വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടു.

അതേസമയം പഞ്ചാബും സമാനമായ സാഹചര്യം നേരിടുകയാണ്. 5620 മെഗാവാട്ട് ആണ് പഞ്ചാബിലെ താപവൈദ്യുതി നിലയങ്ങളുടെ ആകെ ഉത്പാദനശേഷി. എന്നാൽ നിലവിൽ 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. രൂപ്നഗർ, രജ്പുര, തൽവാണ്ടി സബോ, ഗോയിന്ദ്വാൾ സാഹിബ് എന്നീ പ്ലാന്റുകൾ മാത്രമാണ് ഇപ്പോൾ ഏതാനും ദിവസങ്ങളായി പ്രവർത്തിക്കുന്നത്. കൽക്കരി ക്ഷാമത്തെ തുടർന്ന് മൂന്ന് പ്ലാന്റുകളും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടാൻ നിർബന്ധിതരായെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി വിശദീകരിച്ചു. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം. ഏതാനും ദിവസങ്ങൾക്കുളളിൽ സംസ്ഥാനത്തെ കൽക്കരി സ്റ്റോക്ക് തീരും. പഞ്ചാബിനുള്ള കൽക്കരി വിതരണം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യുതി ക്ഷാമത്തെ നേരിടാൻ ഇപ്പോൾ അയൽ സംസ്ഥാനങ്ങളിൽ നിന്നും സ്വകാര്യ കേന്ദ്രങ്ങളിൽ നിന്നുമാണ് പഞ്ചാബ് വൈദ്യുതി വാങ്ങുന്നത്. എന്നാൽ സർക്കാരിന് ഭീമമായ തുകയാണ് ഇതിനായി ചെലവഴിക്കേണ്ടി വരുന്നതെന്ന് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ എ വേണുപ്രസാദ് പറഞ്ഞു. വൈദ്യുതി ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ പവർ കട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരേ വലിയ പ്രതിഷേധവും സംസ്ഥാനത്ത് ഉയർന്നിട്ടുണ്ട്.

വൈദ്യുതി ക്ഷാമത്തെപ്പറ്റി പശ്ചാത്തപിക്കുന്നതിനു പകരം പ്രതിരോധിക്കുകയും ഇതിനെതിരേ സജ്ജമാവുകയും വേണമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിദ്ദു പറഞ്ഞു. 30 ദിവസത്തേക്കുള്ള കൽക്കരി മുൻകൂറായി സംഭരിക്കാതെ ഗാർഹിക ഉപഭോക്താക്കളെ പ്രയാസപ്പെടുത്തുന്ന സ്വകാര്യ തെർമൽ പ്ലാന്റുകാരെ ശിക്ഷിക്കണം. സോളാർ പ്ലാന്റുകളിലേക്കും റൂഫ് ടോപ്പ് സോളാർ ഗ്രിഡുകളിലേക്കും മാറേണ്ട സമയമാണിതെന്നും സിദ്ദു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker