KeralaNews

കൊവിഡ് രോഗികള്‍ കൂടാന്‍ സാധ്യത, അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാവില്ല; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്‍ ഓക്‌സിജനും സംസ്ഥാനത്ത് ഉപയോഗിക്കാന്‍ അനുവദിക്കണം.

കരുതല്‍ ശേഖരമായ 450 ടണില്‍ ഇനി 86 ടണ്‍ മാത്രമാണ് അവശേഷിക്കുന്നത്. മെയ് 15 ന് സംസ്ഥാനത്തെ രോഗികള്‍ ആറ് ലക്ഷത്തില്‍ എത്താമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 4 ലക്ഷമാണ്. സംസ്ഥാനത്തെ ഗുരുതര സാഹചര്യം പരിഗണിച്ചാണ് മുഖ്യമന്ത്രി കത്തയച്ചത്.

കൂടുതല്‍ ശേഖരത്തിലുണ്ടായിരുന്ന ഓക്‌സിജന്‍ തമിഴ്‌നാടിന് കൊടുത്തതായും മുഖ്യമന്ത്രി പറയുന്നു. തമിഴ്നാടിന് 40 മെട്രിക് ടണ്‍ ദിനംപ്രതി സംസ്ഥാനം നല്‍കിയിരുന്നു. 219 ടണ്‍ മെട്രിക് ഓക്‌സിജനാണ് നിലവില്‍ സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്. ഇത് സംസ്ഥാനത്തെ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണം. ലിക്വിഡ് ഓക്‌സിജന്‍ ഉപയോഗിക്കേണ്ട രോഗികളുടെ എന്നതില്‍ വന്‍ വര്‍ധനവാണ് ഉള്ളതെന്ന് കത്തില്‍ ചൂണ്ടികാണിക്കുന്നു.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊറോണ വാക്‌സിന്‍ കേരളത്തിലെത്തി. ഉച്ചയ്ക്ക് 12.30 ഓടെ പൂനെയില്‍ നിന്നും വിമാനത്തിലാണ് വാക്‌സിന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിച്ചത്.

മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് എറണാകുളത്ത് എത്തിയത്. എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ വെയര്‍ഹൗസിലെത്തിക്കുന്ന വാക്‌സിന്‍ ഇവിടെ നിന്ന് റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും.

ഒരു കോടി ഡോസ് വാക്സിന്‍ വിലകൊടുത്തു വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. 75 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. ഇന്നെത്തിയ വാക്സിന് പുറമെ കൂടുതല്‍ വാക്‌സിന്‍ ഉടന്‍ എത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമീപനം. എന്നാല്‍ ഈ വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യ വാക്സിന്‍ ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഗുരുതര രോഗികള്‍ക്കും സമൂഹത്തില്‍ കൂടുതല്‍ ഇടപെടുന്നവര്‍ക്കുമാണ് ആദ്യ പരിഗണന നല്‍കുന്നത്. കടകളിലെ ജീവക്കാര്‍, ബസ് ജീവനക്കാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭിക്കും. ഇത് സംബന്ധിച്ച മാര്‍ഗരേഖ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker