ന്യൂഡല്‍ഹി: അംബേദ്കര്‍ വിവാദത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പരസ്പരം പോര്‍വിളിച്ച് ബിജെപിയും പ്രതിപക്ഷവും. അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പു പറയണമെന്നും, രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി നേതാക്കള്‍ പ്രതിഷേധിച്ചത്. അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്നായിരുന്നു മാര്‍ച്ച് തുടങ്ങിയത്. അംബേദ്കറിന്റെ ചിത്രവും പ്ലക്കാര്‍ഡുകളും പിടിച്ചായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധ മാര്‍ച്ച്.
അതേസമയം കോണ്‍ഗ്രസ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ബിജെപി എംപിമാരുടെ പ്രതിഷേധം. ബാബാസാഹേബ് അംബേദ്കറെ അപമാനിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കാനാവില്ലെന്നും ബിജെപി എംപിമാര്‍ മുദ്രാവാക്യം മുഴക്കി. അംബേദ്കറെ അപമാനിച്ച കോണ്‍ഗ്രസ് മാപ്പുപറയണമെന്നും ആവശ്യപ്പെടുന്നു. അംബേദ്കര്‍ ഞങ്ങളുടെ വഴികാട്ടി, കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുന്നു എന്ന ബോര്‍ഡുകളും പിടിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം.
ബിജെപി പ്രതിഷേധത്തിലേക്ക് കോണ്‍ഗ്രസ് എംപി പ്രിയങ്കാഗാന്ധി കടന്നുചെന്നത് സംഘര്‍ഷത്തിനിടയാക്കി. തുടർന്ന് ബിജെപി- കോൺഗ്രസ് എംപിമാർ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പ്രിയങ്ക ഗാന്ധിയെയും ബിജെപി എംപിമാര്‍ പിടിച്ചു തള്ളിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ഗാന്ധി പിടിച്ചു തള്ളിയതായി ബിജെപിയും പരാതിപ്പെട്ടു. സംഘര്‍ഷത്തില്‍ ബിജെപി എംപി പ്രതാപ് സാരംഗിക്ക് പരിക്കേറ്റു.