ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി വ്യാഴാഴ്ച ഒപ്പുവച്ചതോടെ പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലായി. നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലെത്തിയ മുസ്ലിംകള്‍ ഒഴികെയുള്ള ആറു മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. 2014 ഡിസംബര്‍ 31വരെ അഭയാര്‍ഥികളായെത്തിയവര്‍ക്കാണ് നിയമത്തിന്റെ ആനുകൂല്യം ലഭ്യമാകുക. ബില്‍ ബുധനാഴ്ചയാണ് രാജ്യസഭ പാസാക്കിയത്. ലോക്‌സഭ തിങ്കളാഴ്ച പാസാക്കിയിരുന്നു.