തൃശൂർ: പൗരത്വ ഭേദഗതി നിയമം (സിഎഎ) കേരളത്തിലും നടപ്പാക്കേണ്ടിവരുമെന്ന് നടനും ലോക്സഭാ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. നടപ്പാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപി ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
‘എന്നായാലും വരേണ്ടത് തന്നെയാണ്. അത് വന്നു. ദാരിദ്രനിർമാർജനം ഈ രാജ്യത്തിന്റെ മുഴുവൻ ജനതയുടെയും അത്യാവശ്യമാണ്. ഇതിന് സിഎഎ അനിവാര്യമാണ്. സിഎഎ നടപ്പാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. തിരഞ്ഞെടുപ്പിന് ഉറപ്പായും ഗുണം ചെയ്യും. എന്നാൽ തിരഞ്ഞെടുപ്പിനല്ല, രാജ്യത്തിന് ഗുണം ചെയ്യാനാണ് സിഎഎ’. – അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് വിജ്ഞാപനം ഇറക്കിയത്. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ രാജ്യത്തെ അസ്വസ്ഥമാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചിരുന്നു.
മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി പ്രതികരിച്ചത്.