കൊച്ചി: കൊവിഡ് വ്യാപനം കുറഞ്ഞതോടെ കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം ഇന്ന് സര്‍വീസ് നടത്തി. ഒന്നരവര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നത്.
കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതം കുറയുന്ന പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത്. കേരളത്തില്‍ നിന്നുള്ള ഏറ്റവും തിരക്കേറിയ രാജ്യാന്തര സര്‍വീസുകളില്‍ ഒന്നായിരുന്ന കൊളംബൊ വിമാനം കൊച്ചിയില്‍ നിന്ന് പ്രതിദിന സര്‍വീസ് തുടങ്ങി. രാവിലെ 08.45 ന് എത്തിയ വിമാനം 09.45 ന് മടങ്ങി.
ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനസര്‍വീസ് തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ഒന്നരവര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ യാത്ര നടത്താന്‍ സൗകര്യമൊരുക്കുന്ന കൊളംബൊ സര്‍വീസ് എല്ലാദിവസവും തുടങ്ങുന്നത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസം പകരും.
ഈ മാസം കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് ആരംഭിക്കുന്നുണ്ട്. അതേസമയം രാജ്യാന്തരയാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം തുടര്‍ച്ചയായി മുന്നാം മാസവും ദേശീയാടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ജൂലായില്‍ 85,395 യാത്രക്കാരും ഓഗസ്റ്റില്‍ 1,57,289 പേരും സെപ്റ്റംബറില്‍ 1,94,900 പേരും കൊച്ചിയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു.
നിലവില്‍ പ്രതിദിനം 106 സര്‍വീസുകളാണ് സിയാലില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. ശരാശരി 14,500 പേരാണ് പ്രതിദിന യാത്രക്കാര്‍. നവംബറോടെ എഴുപത് ശതമാനം രാജ്യാന്തര സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് സിയാലിന്റെ പ്രതീക്ഷ.