പാലക്കാട്: യാക്കോബായ – ഓർത്തഡോക്‌സ് സഭാ തർക്കത്തിൽ സഭാ തർക്കം മൂന്ന് കുരിശടികളും, പാരിഷ് ഹാളും സീൽചെയ്തു. ചാലിശേരിയിൽ യാക്കോബായ വിഭാഗം കൈവശം വെച്ചിരുന്ന വസ്തുക്കളാണ് സീൽ ചെയ്തത്. പൊലീസിൻ്റെ സഹായത്തോടെ ജില്ലാഭരണകൂടമാണ് നടപടി സ്വീകരിച്ചത്.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജിൻ്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും നൂറോളം പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടപടികൾ പൂർത്തിയാക്കി. കുരിശടികളിലെയും പാരീഷ് ഹാളിലെയും പൂട്ടുകൾ സീൽ ചെയ്തു നോട്ടീസ് പതിച്ചു. ഒക്ടോബറിൽ ഇതേ നടപടിക്ക് വലിയ സന്നാഹവുമായി പൊലീസ് വന്നിരുന്നു. എന്നാൽ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു. ഇന്ന് പ്രതിഷേധമുണ്ടായില്ല.
സഭാ തർക്കത്തിൽ സമവായ സാധ്യതകളിൽ ഓർത്തഡോക്‌സ് സഭയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി യാക്കോബായ സഭയും രംഗത്തെത്തിയിരുന്നു . തർക്കം ചർച്ച ചെയ്യാൻ സമ്മതമാണെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. ഏത് കാലത്തും ചർച്ചയിലൂടെയും സമവായത്തിലൂടെയും പ്രശ്‌നം തീർക്കണമെന്നാണ് സഭയുടെ ആഗ്രഹം. എന്നാൽ, സഭയെ സംബന്ധിച്ചിടത്തോളം വിശ്വാസപരമായ അടിസ്ഥാന പ്രമാണങ്ങളും പാരമ്പര്യവുമുണ്ട്. അതൊക്കെ നിലനിർത്തിക്കൊണ്ട് മറുവിഭാഗവുമായി സൗഹാർദപരമായി സഹവസിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ചർച്ച എങ്ങനെയന്നത് വ്യക്തമായിട്ടില്ലെന്നും ചർച്ചക്കൊരു വേദി ഒരുങ്ങിയാൽ യാക്കോബായസഭ തീർച്ചയായും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുസഭകളുടെയും ലയനം എന്നത് ചിന്തയിൽ പോലും വന്നിട്ടില്ല. ഒരിക്കൽ ലയനം സംഭവിച്ചതാണ്. അത് വീണ്ടും വലിയ അപകടത്തിൽ കൊണ്ടു ചെന്നെത്തിച്ചു. അതേസമയം, ഏതെല്ലാം മേഖലകളിൽ സഹകരിക്കാം വിട്ടുവീഴ്ച ചെയ്യാം എന്നതാണ് ഇപ്പോൾ പരിഗണിക്കുന്നത്. സഭാ തർക്കത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്. അത് പൂർണതയിലെത്തിയില്ല. ആ ഘട്ടത്തിലാണ് നിയമനിർമാണത്തേക്കുറിച്ച് സർക്കാർ ചിന്തിച്ചു തുടങ്ങിയത്- ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു.
യാക്കോബായ സഭയുമായുള്ള പള്ളിത്തർക്കത്തിൽ സമവായ സാധ്യത തുറന്ന് ഓർത്തഡോക്സ് സഭ രണ്ട് ദിവസം മുൻപ് രംഗത്ത് വന്നിരുന്നു. കുറ്റങ്ങളും കുറവുകളും മറന്ന് ഐക്യം ഉണ്ടാകണമെന്നാണ് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ആഹ്വാനം ചെയ്തത്. ബാവയുടെ സമാധാന നീക്കത്തിന് സഭാ വർക്കിങ് കമ്മിറ്റി പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഞായറാഴ്ച പുത്തൻകുരിശിൽ പാത്രിയർക്കീസ് ബാവ പങ്കെടുക്കുന്ന സൂനഹദോസിൽ സമവായത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് സാധ്യത.