ചര്‍ച്ച് ആക്ട് ബില്‍ നടപ്പാക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു; സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധം
തിരുവനന്തപുരം: ക്രൈസ്തവ സഭാ സ്വത്തു കൈകാര്യം ചെയ്യല്‍ സുതാര്യമാക്കുന്നതിനു ചര്‍ച്ച് ആക്ട് ബില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ക്യംപയിനുകളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് ഓള്‍ കേരള ചര്‍ച്ച ആക്ട് ബില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പങ്കെടുത്തത് ആയിരങ്ങളാണ്. ബുധനാഴ്ച രാവിലെ തന്നെ ധര്‍ണയിലും സമരത്തിലും പങ്കെടുക്കാനെത്തിയവരെക്കൊണ്ട് തലസ്ഥാന നഗരത്തിലെ വീഥികള്‍ നിറഞ്ഞിരുന്നു. തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗത ക്രമീകരണവുമുണ്ടായി. ചര്‍ച്ച് ആക്ട് നടപ്പാക്കുക, സഭാ സ്വത്തുനിയമം പാസാക്കുക, പള്ളികള്‍ ഇടവകക്കാരുടേത്, വേണം ചര്‍ച്ച് ആക്ട് തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. കൊടുംവെയിലിലും സെക്രട്ടേറിയറ്റിനു മുന്നിലെ റോഡില്‍ കുത്തിയിരുന്ന ഇടവകാംഗങ്ങള്‍ ക്രൈസ്തവ സഭാ സ്വത്തുവകകളുടെ കൈകാര്യം സുതാര്യമാക്കുന്നതിന് ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടു.
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ റാലി ഉദ്ഘാടനം ചെയ്തത്. പാളയത്തു നിന്നു പ്രകടനമായാണു ധര്‍ണ്ണ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. മൂന്നു മണിക്കൂറോളം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചു. സ്വാതന്ത്ര്യത്തിലക്കുള്ള തുടക്കമാണു ചര്‍ച്ച ആക്ടിനായുള്ള പ്രക്ഷോഭമെന്നും സ്വത്തുവകകള്‍ തിരഞ്ഞെടുക്കപ്പെട്ട അല്‍മായര്‍ കൈകാര്യം ചെയ്യട്ടേയെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
അതേസമയം, ചര്‍ച്ച് ആക്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ദുരുദേശ്യപരമാണെന്നും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 25,26 അനുഛേദങ്ങളുടെ ലംഘനമാണെന്നും ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ മെത്രാന്മാരും വികാരി ജനറല്‍മാരും വിവിധ ചുമതലകള്‍ വഹിക്കുന്ന വൈദികരും ഉള്‍പ്പെട്ട സംയുക്ത സമിതി വിലയിരുത്തി. മറ്റു മതങ്ങള്‍ക്ക് നിലവിലില്ലാത്ത നിയമനിര്‍മ്മാണം ക്രിസ്ത്യാനികള്‍ക്കു മാത്രമായി നടത്താനുള്ള ശ്രമങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്ന് സമിതി ആവശ്യപ്പെട്ടു. ചര്‍ച്ച് ആക്ട് സംബന്ധിച്ചു ആരുടെയും സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നു കരുതുന്നില്ലെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയും ആരോപിച്ചു.