തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 16 കോടിയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ഇത്.
രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും. അതേസമയം, സമ്മാനത്തുക കൂട്ടിയെങ്കിലും ടിക്കറ്റ് വില്‍പനയിൽ ഇത്തവണ കുറവ് വന്നിട്ടുണ്ട്. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഇതിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
കഴിഞ്ഞവർഷം 12 കോടി സമ്മാനമുള്ള ക്രിസ്മസ് ബംപറിന്റെ നിരക്ക് 300 രൂപ ആയിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. ക്രിസ്മസ് ബംപർ നറുക്കെടുപ്പിനൊപ്പം സമ്മര്‍ ബംപറിന്‍റെ ലോഞ്ചിങ്ങും ഇന്ന് നടക്കും. 10 കോടി ഒന്നാം സമ്മാനമുള്ള സമ്മര്‍ ബംപറിന്റെ ടിക്കറ്റ് വില 250 രൂപയാണ്.
കോട്ടയം കുടയംപടി സ്വദേശി സദാനന്ദൻ ആയിരുന്നു കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ബംപർ ഭാഗ്യശാലി. XG 218582 ടിക്കറ്റിനായിരുന്നു സമ്മാനം. അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദാനന്ദൻ. ഈ വർഷത്തെ ഭാഗ്യശാലി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരളക്കര.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.