സീരിയൽ താരം വി ജെ ചിത്രയുടെ മരണം,പ്രതിശ്രുതവരൻ പിടിയിൽ
ചെന്നൈ : സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. തുടർച്ചയായ ആറാം ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
നസ്രത്ത്പെട്ടിലെ പക്ഷനക്ഷത്ര ഹോട്ടലിൽ ഡിസംബർ 10 ന് പുലർച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മർദമെന്നു പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അമ്മ വിജയയുടെയും പ്രതിശ്രുത വരൻ ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മർദത്തിനു കാരണമായി.
മരണത്തിന്റെ അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒരു രംഗത്തിലെ ഇഴുകി ചേർന്നുള്ള അഭിനയത്തിന്റെ പേരിൽ ഹേംനാഥിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കിയെന്നാണ് പൊലീസ് പറയുന്നത്.