മണിക്കൂറിൽ 600 കി. മീ,കരയിലോടുന്ന ഏറ്റവുംവേഗമേറിയ വാഹനം; മാഗ്‌ലേവ് തീവണ്ടി ചൈന പുറത്തിറക്കി
ബെയ്ജിങ്:കരയിൽ ഓടുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനമായ മാഗ്ലേവ് തീവണ്ടി ചൈന പുറത്തിറക്കി. മണിക്കൂറിൽ 600 കിലോമീറ്ററാണിതിന്റെ വേഗം. ചൈന ആഭ്യന്തരമായി വികസിപ്പിച്ച തീവണ്ടിയുടെ നിർമാണം തീരനഗരമായ ക്വിങ്ദാവോയിലാണ് പൂർത്തിയാക്കിയത്.
തീവണ്ടിയും പാളവും തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിൽ, വൈദ്യുത-കാന്തിക ശക്തി ഉപയോഗിച്ചാണ് പ്രവർത്തനം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ചൈന ഈ രീതി ചുരുക്കം തീവണ്ടികളിൽ ചെയ്തുവരുന്നുണ്ട്. ഷാങ്ഹായ് എയർപോർട്ടിൽനിന്നും നഗരത്തിലേക്ക് ഇത്തരത്തിലുള്ള ചെറിയൊരു മാഗ്ലേവ് പാത നിലവിലുണ്ട്.
വിമാനത്തിൽ മൂന്നുമണിക്കൂറെടുക്കുന്ന യാത്രയ്ക്ക് അതിവേഗ റെയിലിൽ 5.5 മണിക്കൂറാണെടുക്കുന്നത്. ഉയർന്ന ചെലവും നിലവിലെ ട്രാക്ക് രീതികളും ദ്രുതഗതിയിലുള്ള വികസനത്തിന് തടസ്സമായി നിലനിൽക്കുന്നുണ്ടെങ്കിലും ജപ്പാൻമുതൽ ജർമനി വരെയുള്ള രാജ്യങ്ങളും മാഗ്ലേവ് ശൃംഖലകൾ നിർമിക്കാൻ ശ്രമിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ എന്ന അവകാശവാദവുമായി ജപ്പാൻ മെയ് മാസത്തിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. ആൽഫ-എക്സ് പതിപ്പാണ് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ഓടി പരീക്ഷണം വിജയകരമാക്കിയത്. ചൈനീസ് ട്രെയിനിന്‍റെ വേഗത 390 KMPH ആയിരുന്നു. മൂന്നു വർഷം മുമ്പ് തുടങ്ങിയ പ്രോജക്ടാണ് ജപ്പാൻ വിജയകരമായി പൂർത്തീകരിച്ചത്. പരീക്ഷണയോട്ടത്തിൽ 360 കിലോമീറ്റർ വേഗത കൈവരിച്ച ആൽഫ എക്സിന് 400 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. എന്നാൽ 600 കി.മീ. വേഗവുമായി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മാഗ്ലേവ് ട്രെയിനിലൂടെ ചൈന.
മാഗ് ലെവ് ട്രെയിൻ
വൈദ്യുതകാന്തികത അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ട്രെയിൻ ആണ് മാഗ് ലെവ് ട്രെയിൻ. വളരെ ശക്തി കൂടിയ വൈദ്യുത കാന്തങ്ങളാണ് ഈ ട്രെയിനിനെ ചലിപ്പിക്കുന്നത്. മാഗ്നറ്റിക് ലെവിറ്റേഷൻ എന്നതിൻറെ ചുരുക്കരൂപമാണ് മാഗ് ലെവ്.കാന്തത്തിൻറെ ഒരേ മണ്ഡലങ്ങൾ വികർഷിക്കപെടുന്നു എന്ന വസ്തുതയാണ് ഇതിൻറെ പ്രവർത്തനത്തിന് അടിസ്ഥാനം.
മാഗ് ലെവ് ട്രെയിനിന് എൻജിനില്ല.ഒരു വലിയ വൈദ്യുത ഊർജ്ജ കേന്ദ്രം,ലോഹ കമ്പികൾ പാകിയ ട്രാക്ക്,ട്രെയിനിൻറെ അടിയിൽ പിടിപ്പിച്ചിരിക്കുന്ന വലിയ കാന്തങ്ങൾ-ഇവയാണ് പ്രധാന ഭാഗങ്ങൾ. പാളത്തിലെ ലോഹ കമ്പികളിൽ സൃഷ്ടിക്കപ്പെടുന്ന കാന്തിക മണ്ഡലമാണ് ട്രെയിനിനെ ചലിപ്പിക്കുന്നത്.അങ്ങനെ മാഗ്നറ്റിക് ഫീൽഡിൻറെ പുഷ്-പുൾ എന്ന് ട്രെയിനിൻറെ സഞ്ചാരത്തെ വിളിക്കാം.
മാഗ് ലെവ് ട്രെയിനിൻറെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും കൂടിയ വേഗത മണിക്കൂറിൽ 581 കിലോമീറ്റർ ആണ്. 2003 ൽ ജപ്പാനിൽ വച്ചാണ്,[1]ഫ്രാൻസിൻറെ ടി.ജി.വി (ട്രെയിൻ എ ഗ്രാന്റെ വിറ്റേസ) ട്രയിനിനിനെക്കളും മണിക്കൂറിൽ 6 കിലോമീറ്റർ അധികവേഗതയിലോടി റെക്കോർഡ് സ്ഥാപിച്ചത്.ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മാഗ് ലെവ് സർവീസ്,1984ൽ ബ്രിട്ടനിലെ ബർമിംഗ്ഹാം അന്തർദേശീയ വിമാനത്താവളത്തെയും ബർമിംഗ്ഹാം റെയിൽവേ സ്റ്റേഷനേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് തുടങ്ങിയ 600 മീറ്റർ ദൈർഘ്യമുള്ള സർവ്വീസ് ആയിരുന്നു.
ഉയർന്ന നിർമ്മാണച്ചെലവാണ് മാഗ്‌ലെവ് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രധാന തടസ്സം. മാഗ്‌ലെവ് ട്രെയിനുകളെ പിന്തുണക്കുന്നവരുടെ വാദം പരമ്പരാഗത ട്രെയിനുകൾ അതിവേഗത്തിൽ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണം മൂലം വരുന്ന തേയ്മാനവും മറ്റു അറ്റകുറ്റപ്പണികളും മാഗ്‌ലെവ് ട്രെയിനുകളുടെ ഉപയോഗക്ഷമത കൈവരിക്കുന്നതിൽ നിന്ന് പരമ്പരാഗത ട്രെയിനുകളെ തടയുന്നു എന്നതാണ്.
ലോകത്തു രണ്ട് മാഗ്‌ലെവ് സർവീസുകൾ മാത്രമേ ഇപ്പോൾ പൊതുഉപയോഗത്തിലുള്ളൂ. 2004 ഏപ്രിലിൽ ഷാങ്ങ്ഹായിൽ തുടങ്ങിയ മാഗ്‌ലെവ് സർവീസും, മാർച്ച് 2005ൽ ജപ്പാനിൽ തുടങ്ങിയ ലിനിമോ എന്ന പേരുള്ള മാഗ്‌ലെവ് സർവീസും ആണ് അവ.ചൈനയിലെ ബീജിങ്ങിലും ദക്ഷിണകൊറിയയിലെ സോളിലെ ഇഞ്ചിയൺ വിമാനത്താവളത്തിലും ഇപ്പോൾ മാഗ്‌ലെവ് സർവീസ് തുടങ്ങാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു.