കളിക്കുന്നതിനിടെ ഇരുമ്പ് സ്‌ക്രൂ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: കളിക്കുന്നതിനിടയില്‍ ഇരുമ്പ് സ്‌ക്രൂ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഡല്‍ഹിയിലെ വസിറാബാദിലാണ് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒരുവയസ്സുകാരന്‍ രഹാനാണ് മരിച്ചത്. ബിഹാറിലെ ബഗല്‍പൂര്‍ സ്വദേശികളായ രഹാന്റെ കുടുംബം വസിറാബാദിലെ ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
എയര്‍കണ്ടീഷണര്‍ മെക്കാനിക് ആയ പിതാവ് മുസ്തഫയും ഭാര്യയും മാത്രമാണ് രഹാനൊപ്പം വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഡല്‍ഹിയിലെ ജീവിതച്ചെലവിന് അനുസരിച്ച് വരുമാനം ലഭിക്കാത്തത് കൊണ്ടും ഭാര്യയെയും മകനെയും ശ്രദ്ധിക്കാന്‍ കഴിയാത്തതിനാലും ഇവര്‍ ജന്മനാട്ടിലേക്ക് തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് കുഞ്ഞ് സ്‌ക്രൂ വിഴുങ്ങിയത്.
ചൊവ്വാഴ്ച രാത്രിയുള്ള ട്രെയിനിന് നാട്ടിലേക്കു പോകുന്നതിന് മുന്നോടിയായി ഭക്ഷണം പൊതിയുകയായിരുന്നു രഹാന്റെ അമ്മ. പിതാവ് മുസ്തഫ ഇവര്‍ക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനുള്ള ഓട്ടോറിക്ഷ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങി. ഈ സമയം വീടിനുള്ളില്‍ കളിക്കുകയായിരുന്ന കുഞ്ഞ് തറയില്‍ കിടന്ന ഇരുമ്പ് സ്‌ക്രൂ വിഴുങ്ങുകയായിരുന്നു. സ്‌ക്രൂ തൊണ്ടയില്‍ കുടുങ്ങിയ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം ജീവന്‍ രക്ഷിക്കാനായില്ല.