തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഏലം കുത്തകപാട്ട ഭൂമി കേസിലെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയം തേടി കേരളം.സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മകളുടെ കല്യാണ തിരക്കിലായതിനാലാണ് സത്യവാങ്മൂലം വൈകുന്നത്രേ. സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ആണ് സത്യവാങ്മൂലം ഫയൽ ചെയ്യാത്തതിന് കാരണമായി മകളുടെ കല്യാണത്തിരക്ക് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ച സമയത്ത് ഡോ. വി വേണു ആയിരുന്നു കേരളത്തിന്റെ ചീഫ് സെക്രട്ടറി. എന്നാൽ അദ്ദേഹം വിരമിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശാരദ മുരളീധരൻ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. സെപ്റ്റംബർ 20 ന് ചെന്നൈയിൽ വച്ച് വേണുവിന്റെയും ശാരദ മുരളീധരന്റെയും മകളുടെ വിവാഹം ആയിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ട തിരക്കിൽ ആയതിനാൽ ബൃഹത്തായ രേഖകൾ പരിശോധിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ചീഫ് സെക്രട്ടറിക്ക് സാധിച്ചില്ല എന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സത്യവാങ്മൂലം ഫയൽ ചെയ്യാൻ മൂന്ന് ആഴ്ചത്തെ സമയം അനുവദിക്കണമെന്നും അപേക്ഷയയിൽ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏലം കുത്തകപാട്ട ഭൂമി എത്രയാണെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് വനംപരിസ്ഥി കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് ബിആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതിനായി, എട്ട് ആഴ്ചത്തെ സമയവും കോടതി അനുവദിച്ചിരുന്നു.