ചെന്നൈ ∙ ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്ക്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് ഇന്നലെ രാത്രി എട്ടരയക്ക്, റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആകെ 1360 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. 13 കോച്ചുകൾ പാളം തെറ്റി. 3 കോച്ചുകൾക്ക് തീപിടിച്ചു.
അപകടത്തിനു ശേഷം യാത്രക്കാരെ സുരക്ഷിതമായി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഇവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയതായി റെയിൽവേ അറിയിച്ചു. പുലർച്ച 4.45ന് യാത്രക്കാരുമായി പ്രത്യേക ട്രെയിൻ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി. ഇന്നലെയും ഇന്നുമായി 28 ട്രെയിനുകളാണ് വഴിതിരിച്ചു വിട്ടത്. ഇന്ന് ഉച്ചയോടെ റൂട്ടിലെ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് അപകടസ്ഥലം സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് പറഞ്ഞു. ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചു.
അപകടത്തിൽ ഉന്നതതല അന്വേഷണം റെയിൽവേ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ജൂണിൽ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിനു കാരണമായ സിഗ്നൽ തകരാറിനു സമാനമായ പിഴവാണ് ഇവിടെയും സംഭവിച്ചതെന്നാണ് വിമർശനം. എക്സ്പ്രസ് ട്രെയിനിന്റെ വേഗം കുറച്ചതും ചരക്ക് ട്രെയിനിന്റെ ബ്രേക്ക് വാനിൽ ഇടിച്ചത് കാരണവുമാണ് വൻ ദുരന്തം ഒഴിവായതെന്നാണ് നിഗമനം. ബെംഗളുരുവിലും ട്രെയിൻ കടന്നു പോയ എല്ലാ സ്റ്റേഷനുകളിലും ഹെൽപ് ഡെസ്ക് തുറന്നു. ഹെല്‍പ് ലൈന്‍ നമ്പര്‍: 04425354151, 04424354995, ബെംഗളൂരു റെയിൽവേ ആസ്ഥാനത്തെ വാർ റൂം നമ്പർ: 08861309815.