ചെങ്കല്‍ചൂളയിലെ ‘വൈറല്‍ക്കുട്ടികള്‍’ ഇനി സിനിമാ താരങ്ങള്‍, ഷൂട്ടിംഗ് പുരോഗമിക്കുന്നു
കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലെ താരങ്ങളായിരുന്നു ചെങ്കല്‍ചൂളയിലെ കുട്ടികള്‍. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ സൂര്യയുടെ അയന്‍ സിനിമയിലെ നൃത്തരംഗവും സ്റ്റണ്ടും പുനരാവിഷ്‌ക്കരിച്ച് ആണ് ഇവര്‍ വൈറലായത്. തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.
ഇപ്പോഴിതാ ഇവരെ സിനിമയിലെടുത്തു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഗിരീഷ് നെയ്യാര്‍ നിര്‍മ്മിച്ച കണ്ണന്‍ താരമക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന സിനിമയിലാണ് കുട്ടികള്‍ അഭിനയിച്ചത്. തമിഴ് താരം അര്‍ജുനും നിക്കി ഗല്‍റാണിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍, എന്‍എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് മലയാളത്തിലും തമിഴിലുമായി എത്തുന്ന ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തില്‍ നായിക നിക്കി ഗല്‍റാണിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗങ്ങളായാണ് കുട്ടികള്‍ അഭിനയിക്കുന്നത്. തമിഴ് നടന്‍ സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ചെങ്കല്‍ചൂളയില്‍ നിന്നുള്ള താരത്തിന്റെ ആരാധകര്‍ ഒരുക്കിയ ട്രിബ്യുട്ട് ഡാന്‍സ് വൈറലായിരുന്നു. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
പിന്നാലെ ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ച് സ്നേഹമറിയിച്ച സൂര്യ പിന്നീട് ശബ്ദ സന്ദേശത്തിലൂടെയും കുട്ടികളെ അഭിനന്ദിച്ചിരുന്നു. വീഡിയോ എഡിറ്റുചെയ്ത അഭിയ്ക്ക് ചിത്രത്തിലെ എഡിറ്റര്‍ വിടി ശ്രീജിത്തിനൊപ്പം എഡിറ്റിംഗ് അസിസ്റ്റന്റ് ആയും അവസരം നല്‍കിയിട്ടുണ്ട്.
മുകേഷ്, ഗിരീഷ് നെയ്യാര്‍, ബൈജു സന്തോഷ്, ആശ ശരത്ത്, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, സുധീര്‍ എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്