KeralaNews

മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ്; ചെല്ലാനം ഹാര്‍ബര്‍ അടച്ചു

കൊച്ചി: മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനതുടര്‍ന്ന് ചെല്ലാനം ഹാര്‍ബര്‍ അടച്ചു. ചെല്ലാനത്ത് രണ്ടാമത്തെ കൊവിഡ് കേസാണ്. ഇന്നലെ പോസിറ്റീവായ 64 വയസുള്ള സ്ത്രീയുടെ ഭര്‍ത്താവും മകനും മത്സ്യത്തൊഴിലാളികളാണ്. ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലായിരുന്ന ഇവരുടെ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇവര്‍ ആദ്യം ചികിത്സക്കെത്തിയ കോര്‍ട്ടീസ് ആശുപത്രിയും അടച്ചു. 15-ാം വാര്‍ഡും ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 16-ാം വാര്‍ഡിലെ ഹാര്‍ബര്‍ സ്ഥിതി ചെയ്യുന്ന പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന 72 ജീവനക്കാര്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കി. സെക്കന്റ് ലെയര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി ആശുപത്രിയുടെ പ്രവര്‍ത്തനം തടസമില്ലാതെ നടത്തുമെന്ന് മന്ത്രി അറിയിച്ചു. 72 ജീവനക്കാരിലും ആന്റി ജന്‍ ടെസ്റ്റ് നടത്തി. ഇതില്‍ 25 പേരുടെ ഫലം നെഗറ്റീവാണ്. സ്ത്രീ കഴിഞ്ഞിരുന്ന വാര്‍ഡിലെ മറ്റ് രോഗികളും കൂടെ നിന്നവരും ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കി.

സ്ത്രീക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. ആലപ്പുഴ അതിര്‍ത്തിയിലുള്ള മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു. മത്സ്യത്തൊഴിലാളികളായ ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചാണോ ജോലി ചെയ്തതെന്നും പരിശോധിക്കുകയാണ്. വ്യക്തത വരുന്നതുവരെ മത്സ്യബന്ധനം നടത്താന്‍ പാടില്ല. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

എറണാകുളം മാര്‍ക്കറ്റിലെ 132 പേരുടെ സ്രവ പരിശോധന നടത്തിയതില്‍ ഫലം ലഭിച്ച ഒന്‍പതെണ്ണവും നെഗറ്റീവാണ്. വിമാനത്താവളത്തില്‍ ഇതുവരെ 9568 ആന്റിബോഡി ടെസ്റ്റുകളാണ് നടത്തിയത്. 488 എണ്ണം പോസിറ്റീവായി. 30 പേരിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. രണ്ട് പേര് പോസിറ്റീവായി. വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് കുറക്കാനായി പരിശോധനാ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി. ജില്ലാ കളക്ടര്‍ എസ് സുഹാസ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ മാജ ജോസ് പി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker