ദീപിക പദുകോണ്‍ ചിത്രമായ ഛപക്കിന് നികുതിയിളവ് പ്രഖ്യാപിച്ച് പുതുച്ചേരി സര്‍ക്കാരും
ദീപിക പദുകോണ്‍ ചിത്രമായ ഛപക്കിന് നികുതിയിളവ് പ്രഖ്യാപിച്ച് പുതുച്ചേരി സര്‍ക്കാരും. ബിജെപിക്കെതിരെ ‘നികുതി രാഷ്ട്രീയവുമായെന്ന പുതിയ രീതി പയറ്റുകയാണ് പ്രതിപക്ഷ കക്ഷികള്‍. നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ വിദ്വേഷ പ്രചരണമാണ് നടത്തുന്നത്. താരത്തിന്റെ പുതിയ സിനിമയായ ചപ്പാക്ക് പരാജയപ്പെടുത്താനുള്ള ആഹ്വാനങ്ങളും ഇതിനൊപ്പം തന്നെ സജീവമാണ്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഇതൊരു രാഷ്ട്രീയ ആയുധം കൂടിയാണ്. മറ്റ് പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും സമാന തീരുമാനവുമായി രംഗത്തെത്താനുള്ള സാധ്യതയും കൂടുതലാണ്.
സാധാരണ ബോളിവുഡ് താരങ്ങളുടെ പിന്തുണ പല വിഷയങ്ങളിലും ഉറപ്പാക്കിയിരുന്ന ബിജെപിക്ക് ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം തിരിച്ചടി തന്നെയായിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയ വഴി താരത്തിന് പണി കൊടുക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പുതയതായി ഇറങ്ങാന്‍ പോകുന്ന ദീപിക ചിത്രമായ ചപ്പാക്ക് ബഹിഷ്‌ക്കരിക്കണം എന്നുവരെ ആഹ്വാനങ്ങളും ഉണ്ടായി. എന്നാല്‍ പ്രതിപക്ഷം ഇപ്പോള്‍ സംഭവം ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ചപ്പാക്കിന് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം ജനുവരി പത്തിനാണ് തീയറ്ററുകളിലെത്തുക.