Home-bannerNationalNewsTechnology

ചന്ദ്രയാന്‍-2 പരാജയം,അവസാന നിമിഷം പിഴച്ചു. ചന്ദ്രോപരിതലത്തിലേക്കുള്ള ലാന്‍ഡിംഗ് വിജയകരമായില്ല,ദൗത്യം തുടരുമെന്ന് പ്രധാനമന്ത്രി

ബംഗലൂരു: കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന ലക്ഷക്കണക്കിന് ജനങ്ങളെയും ശാസ്ത്രലോകത്തെയും നിരാശയിലാക്കി ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അവസാന നിമിഷം പരാജയപ്പെട്ടു.ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്‌നല്‍ബന്ധം നഷ്ടപ്പെട്ടു. റഫ് ബ്രേക്കിംഗിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിംഗ് പ്രക്രിയ തടസപ്പെട്ടത്.

ചന്ദ്രയാന്‍ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബംഗളൂരുവിലെ പീനിയ ഐ.എസ്.ആര്‍.ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷന്‍ കോംപ്ലക്‌സിന് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ അറിയിച്ചു. വിവരങ്ങള്‍ക്കായി കാത്തിരിപ്പ് തുടരുകയാണ്.നാലു ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ള ചന്ദ്രയാന്‍ 2 ദൗത്യത്തിലെ സന്ദേശങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഇസ്‌റോയുടെ ഈ കേന്ദ്രം വിലയിരുത്തി തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കിവന്നത്. ഇതിനിടെയാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്.
ഇന്നലെ പുലര്‍ച്ചെ 1.55നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി പ്രജ്ഞാന്‍ എന്ന റോവറിനെയും വഹിച്ചുകൊണ്ട് ലാന്‍ഡര്‍ അവസാന ലാപ്പിലെ യാത്ര തുടങ്ങിയത്. ഇസ്ട്രാക്കില്‍ രാപകല്‍ ഇമചിമ്മാതെ പ്രവര്‍ത്തിക്കുന്ന ഇരുന്നൂറോളം ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുത്ത 70 വിദ്യാര്‍ത്ഥികളും ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച്, ഒരു നവജാതശിശുവിനെ കിടത്തുന്നത്ര ശ്രദ്ധയോടെ ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ലാന്‍ഡ് ചെയ്യിക്കാനുള്ള തപസ്യയിലായിരുന്നു ഇന്നലെ രാത്രി ശാസ്ത്രജ്ഞര്‍.

അതീവ സങ്കീര്‍ണമായ സാങ്കേതിക പ്രക്രിയകളുടെ കാല്‍മണിക്കൂറാണ് ലാന്‍ഡറിന് കടന്നു പോകേണ്ടിയിരുന്നത്. ഈ ഘട്ടത്തിലാണ് ദൗത്യം പരാജയപ്പെട്ടത്.ഈ കടമ്പ കടന്നിട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖല സമഗ്രമായ നിരീക്ഷണങ്ങള്‍ക്കുള്ള നീക്കത്തിലായിരുന്നു ഐ.എസ്.ആര്‍.ഒ.ചന്ദ്രനെ തൊട്ടറിയാനുള്ള ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് സജ്ജമാക്കിയാണ് ഓര്‍ബിറ്റര്‍ – ലാന്‍ഡര്‍ – റോവര്‍ ത്രയത്തെ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്.. സെപ്തംബര്‍ രണ്ടിന് ചന്ദ്രയാന്‍ 2 പേടകം ചന്ദ്രന്റെ മുകളിലെത്തി. പിന്നാലെ പേടകത്തില്‍ നിന്ന് വിക്രം ലാന്‍ഡര്‍ സ്വതന്ത്രമായി ചന്ദ്രനിലേക്ക് കൂടുതല്‍ കൂടുതല്‍ അടുത്തെങ്കിലും ഇതിലെ ഉപകരണങ്ങളൊന്നും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിരുന്നില്ല. ലാന്‍ഡറിനെ ചന്ദ്രനിലേക്ക് വിട്ട ചന്ദ്രയാന്‍ 2 പേടകം ഇപ്പോള്‍ ഉപഗ്രഹമായി ചന്ദ്രന്റെ 94 കിലോമീറ്റര്‍ മുകളില്‍ ചുറ്റുകയാണ്.അമേരിക്കയും റഷ്യയും ചൈനയും ചന്ദ്രനിലിറങ്ങിയിട്ടുണ്ട്.

അമേരിക്ക 50 കൊല്ലം മുന്‍പ് മനുഷ്യരെ ചന്ദ്രന്റെ മണ്ണിലിറക്കി. എന്നാല്‍ മനുഷ്യന്റെ ശാസ്ത്രഅറിവുകളും ഉപകരണങ്ങളുടെ മേന്‍മയും വര്‍ദ്ധിച്ച പുതിയ യുഗത്തില്‍ ഇന്ത്യയുടെ ചാന്ദ്രപര്യവേഷണത്തിനും കിട്ടുന്ന വസ്തുതകള്‍ക്കും പ്രാധാന്യമേറെയാണ്. അത് മനസിലാക്കി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ മാത്രമല്ല അമേരിക്കയുടെ നാസയിലെയും ചൈനയിലെയും റഷ്യയിലെയും ശാസ്ത്രസമൂഹവും ഇന്ത്യന്‍ ദൗത്യത്തെ ഉറ്റുനോക്കുകയായിരുന്നു. അവര്‍ക്കും ഉദ്വേഗനിമിഷങ്ങളായിരുന്നു.ചാന്ദ്രയാന്‍-രണ്ട് ദൗത്യം പരാജയപ്പെട്ടതോടെ നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ശാസ്ത്രജ്ഞരോട് പറഞ്ഞു. ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തിയ കുട്ടികളുമൊത്ത് സംവദിച്ചപ്പോഴും വലിയ നേട്ടമാണ് രാജ്യം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി

വിക്രം ലാന്‍ഡറില്‍നിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് കേന്ദ്രം ശോകമൂകമായി. പ്രതീക്ഷകളുമായെത്തിയ ശാസ്ത്ര സമൂഹം നിരാശയിലായി. എന്നാല്‍, ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ ശാസ്ത്ര സംഘത്തിന് സമീപത്തെത്തിയ പ്രധാനമന്ത്രി ഇത് വലിയ നേട്ടമാണെന്നും രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി. ദൗത്യം അവസാനിച്ചിട്ടില്ലെന്നും തുടരുമെന്നും അദ്ദേഹം ശാസ്ത്രജ്ഞരോട് പറഞ്ഞു.

https://youtu.be/bmWrS2ALLm0

 

ശേഷം ചോദ്യങ്ങളുമായെത്തിയ കുട്ടികളോടും പ്രധാനമന്ത്രി സംവദിച്ചു. ചെറിയ ചെറിയ നേട്ടങ്ങളിലൂടെയാണ് വലിയ വിജയങ്ങള്‍ നേടുകയെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് രംഗത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker