ചന്ദ്രനില്‍ കൂറ്റന്‍ ഗര്‍ത്തങ്ങള്‍; ചിത്രങ്ങള്‍ പുറത്ത് വിട്ട് ചന്ദ്രയാന്‍ 2
ന്യൂഡല്‍ഹി: ചന്ദ്രനിലെ കൂറ്റന്‍ ഗര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ ചന്ദ്രയാന്‍ 2 പുറത്തുവിട്ടു. പേടകത്തിലെ ഏറ്റവും അധുനികമായ രണ്ടാം ടെറൈന്‍ മാപ്പിങ് ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചന്ദ്രയാന്‍ 2 പേടകത്തിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമതാ പരിശോധന തുടരുകയാണ്.
ഉത്തരധ്രുവത്തിന്റെ ചിത്രവും ലഭിച്ചു. കഴിഞ്ഞ ദിവസം 4375 കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴാണ് പേടകത്തിലെ ക്യാമറ പ്രവര്‍ത്തിപ്പിച്ചത്. ഉത്തരാര്‍ധഗോളത്തിലെ ജാക്സണ്‍, മിത്ര, മാക്, കൊറോലേവ് എന്നിവയും സമീപത്തുള്ള ചെറുതും വലുതുമായ നിരവധി ഗര്‍ത്തങ്ങളും ആദ്യ ചിത്രത്തിലുണ്ട്.
മിത്ര ഗര്‍ത്തം ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ശിശിര്‍കുമാര്‍ മിത്രയുടെ പേരിലാണ് അറിയപ്പെടുന്നത്. ഈ ഗര്‍ത്തം 92 കിലോമീറ്റര്‍ വ്യാസമുള്ളതാണ്. ജാക്സണ്‍ ഗര്‍ത്തത്തിന് 71.3 ഉം കൊറേലേവ് ഗര്‍ത്തത്തിന് 437 കിലോമീറ്ററുമാണ് വ്യാസം. കുന്നുകളാല്‍ ചുറ്റപ്പെട്ട സമ്മര്‍ ഫീല്‍ഡ് ഗര്‍ത്തത്തിന് 169 കിലോമീറ്റര്‍ വ്യാസമുണ്ട്. തൊട്ടടുത്ത കിര്‍ക് വുഡ് ഗര്‍ത്തത്തിന് 68 കിലോമീറ്ററും വ്യാസമുണ്ട്. സൂര്യപ്രകാശം ഒട്ടും കടന്നു ചെല്ലാത്ത മേഖലയിലെ ഏറ്റവും തണുത്തുറഞ്ഞ ഗര്‍ത്തമായ ഹെര്‍മിറ്റെയുടെ വ്യാസം 104 കിലോമീറ്ററാണ്.