മുംബൈ:പി.എം കെയേഴ്സ് ഫണ്ട് വഴി ഗുജറാത്ത് കമ്പനി വിതരണം ചെയ്ത തകരാറുള്ള വെന്റിലേറ്ററുകൾ മൂലം കോവിഡ് രോഗികൾ മരിക്കാനിടയായാൽ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് ആയിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. വെന്റിലേറ്ററുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്ന്ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോർട്ടു ചെയ്തു. അത്തരം വെന്റിലേറ്ററുകൾ ഉപയോഗിക്കുന്നതുവഴി ജീവഹാനി സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹിയിലെ റാം മനോഹർ ലോഹ്യ, സഫ്ദർജങ് എന്നീ ആശുപത്രികളിടെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഔറംഗബാദിലെ സർക്കാർ മെഡിക്കൽ കോളേജ് സന്ദർശിച്ച് തകരാറുള്ള വെന്റിലേറ്ററുകൾ പരിശോധിച്ചുവെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിയെ അറിയിച്ചു. അതോടെ വിഷയം ജൂൺ ഏഴിന് പരിഗണിക്കുന്നതിനായി കോടതി മാറ്റിവച്ചു.
പിഎം കെയേഴ്സ് ഫണ്ട് വഴി ഔറംഗാബാദിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിന് ഏപ്രിലിൽ നൽകിയ 150 വെന്റിലേറ്ററുകളുമായി ബന്ധപ്പെട്ട വിഷയമാണ് കോടതി പരിഗണിച്ചത്. രാജ്കോട്ട് ആസ്ഥാനമായ കമ്പനിയാണ് വെന്റിലേറ്ററുകൾ വിതരണം ചെയ്തത്. ഇതിൽ 113 എണ്ണം തകരാറുള്ളതും ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതും ആണെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തിരുന്നു. അതിനിടെ, വെന്റിലേറ്ററുകൾ നന്നാക്കിയിട്ടും തകരാറിലാവുന്നത് തുടരുന്നുവെന്ന് മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.