ന്യൂഡല്‍ഹി: കൊവിഡ് ബാധയും മരണവും നിയന്ത്രിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാക്കണമെന്നും സംസ്ഥാനങ്ങളോട് നിര്‍ദേിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 78 ശതമാനം കേസുകളും കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ്. നാലായിരത്തിലേറെ പ്രതിദിന രോഗബാധിതരുമായി കേരളവും പശ്ചിമബംഗാളുമാണ് മുന്നിലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അസം, ഛത്തീസ്ഗഢ്, കര്‍ണാടകം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളോടും ആര്‍ടിപിസിആര്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കേരളം ആദ്യഘട്ടത്തില്‍ മാതൃകയായെങ്കിലും ഇപ്പോള്‍ ഓരോ ആഴ്ചകളിലും രോഗബാധിതര്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. പരിശോധന കുറയുകയും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുകയും ചെയ്‌തെന്നും ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിനായി എല്ലാ സംസ്ഥാനങ്ങളും വിവരവിനിമയം, വിദ്യാഭ്യാസം, ആശയവിനിമയം (ഐ.ഇ.സി) എന്നിവ ഊര്‍ജിതമാക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ദായക ചെടികള്‍ വെക്കണമെന്നും നിര്‍ദേശമുണ്ട്.. മഹാരാഷ്ട്രയില്‍ ആശുപത്രിയിലെത്തുന്നവരില്‍ ആദ്യ 48 മണിക്കൂറില്‍ മരിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നാണ് വിലയിരുത്തല്‍.
മധ്യപ്രദേശില്‍ ആദ്യ 24 മണിക്കൂറില്‍ 26 ശതമാനം രോഗികളും പശ്ചിമബംഗാളില്‍ 20 ശതമാനവും രാജസ്ഥാനില്‍ 25.6 ശതമാനവുമൊക്കെ രോഗികള്‍ മരണമടയുന്നത് ആശങ്കാജനകമാണ് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്ധ്രയിലും കര്‍ണാടകത്തിലും 12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും മരണനിരക്ക് കുറയ്ക്കാന്‍ നടപടിയെടുക്കണം എന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.