കേന്ദ്രം അയയുന്നു; പൗരത്വ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം മാത്രം
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക് ശേഷമേ ദേശീയ പൗരത്വ പട്ടിക തയാറാക്കുവെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കൃത്യമായ നിയമനടപടി ക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കുമെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക് ശേഷമേ പൗരത്വ പട്ടിക തയാറാക്കൂ. ഇതിന്റെ നടപടികള്‍ സുതാര്യമായിരിക്കും. ജനസംഖ്യാ കണക്കെടുപ്പിനായി ശേഖരിക്കുന്ന വിവരങ്ങളില്‍ ചിലത് എന്‍ആര്‍സിക്കായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചതോടെയാണ് കേന്ദ്ര നിലപാട് വ്യക്തമാക്കി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരിക്കുന്നത്. എന്‍ആര്‍സിയില്‍ രഹസ്യങ്ങളൊന്നുമില്ല. നിയമപരമായ പ്രക്രിയയാണത്. ആദ്യം തീരുമാനം, പിന്നീട് വിജ്ഞാപനം, ഇതിനു ശേഷം നടപടികളുടെ തുടക്കം, എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ കേള്‍ക്കല്‍, അപ്പീല്‍ നല്‍കുവാനുള്ള സാവകാശം എന്നിവ നടക്കും. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കും. അവരില്‍നിന്ന് പ്രതികരണം തേടും. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് പരസ്യമായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.