എന്‍.പി.ആറില്‍ കേന്ദ്രം അയയുന്നു; സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍
ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ അനുനയ നീക്കവുമായി കേന്ദ്രം. ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. രജിസ്ട്രാര്‍ ജനറലും കമ്മീഷണറുമാണ് അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുക. കഴിഞ്ഞ മാസം എന്‍പിആര്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച യോഗത്തില്‍ എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍ മുന്നോട്ട് വന്നിരുന്നു. കേരളം പേരിന് വേണ്ടി പങ്കെടുത്തെങ്കിലും പശ്ചിമ ബംഗാള്‍ പൂര്‍ണമായി വിട്ടുനിന്നു.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ എന്‍പിആര്‍ വിവരശേഖരണ രീതിയെ വിമര്‍ശിച്ചു. രക്ഷിതാക്കളുടെ ജന്മസ്ഥലം എന്നിവ പോലെയുള്ള ചോദ്യങ്ങളെ രാജസ്ഥാനും മറ്റ് ചില സംസ്ഥാനങ്ങളും ചോദ്യം ചെയ്തു. തങ്ങള്‍ ജനിച്ചത് എവിടെ ആണെന്ന് അറിവില്ലാത്തവരുണ്ട്. അവരോട് മാതാപിതാക്കളുടെ ജനന സ്ഥലം ചോദിക്കുന്നത് മണ്ടത്തരമാണെന്ന് സംസ്ഥാനങ്ങള്‍ അഭിപ്രായപ്പെട്ടു. വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നിര്‍ബന്ധമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ആളുകള്‍ ഉത്തരം നല്‍കിയാല്‍ മതിയെന്നും കേന്ദ്രം സംസ്ഥാനങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കി.