പെട്രോള്‍ ഇനി വീട്ടുപടിക്കലെത്തും! ഹോം ഡെലിവറിക്ക് കേന്ദ്രം അനുമതി നല്‍കിയേക്കും; സൂചന നല്‍കി പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ വാഹന ഉടമകളെ സഹായിക്കാന്‍ പെട്രോളിന്റെ ഹോം ഡെലിവറിക്ക് കേന്ദ്രം അനുമതി നല്‍കിയേക്കും. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇതേക്കുറിച്ച് സൂചിപ്പിച്ചത്. കഴിഞ്ഞ ദിവസം പെട്രോളും ഡീസലും ഓണ്‍ലൈനായി ജനങ്ങള്‍ക്ക് വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുമെന്ന് സമൂഹമാധ്യമത്തില്‍ അദ്ദേഹം കുറിച്ചിരുന്നു. ഐടി ടെലികോം എന്നിവയുടെ സഹായത്തോടെയായിരിക്കും ഹോം ഡെലിവറി സംവിധാനം.
പെട്രോളിയം ഉല്‍പന്നങ്ങളുടെ ഹോം ഡെലിവറി സൗകര്യം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ആണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്. ജനങ്ങള്‍ക്ക് ഭാവിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ രണ്ട് കൊല്ലം മുന്‍പ് മൊബൈല്‍ ഡിസ്പെന്‍സറുകളില്‍ ഡീസല്‍ വിതരണം തുടങ്ങിയിരുന്നു. നേരത്തെ സിഎന്‍ജി, എല്‍എന്‍ജി, പിഎന്‍ജി തുടങ്ങിയ ഇന്ധനങ്ങള്‍ എല്ലാം തന്നെ ഒരേ സ്ഥലത്ത് ലഭ്യമാക്കാന്‍ പെട്രോള്‍ ബങ്കുകള്‍ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് കൂടുതല്‍ ആസൂത്രണം വേണമെന്നും ഒരു ചടങ്ങില്‍ വച്ച് പെട്രോളിയം മന്ത്രി പറഞ്ഞു.