ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയ ദൈര്‍ഘ്യം സംബന്ധിച്ച് കേന്ദ്രം പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. സ്‌കൂളുകളിലെ പോലെ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഏറെ നേരം മൊബൈല്‍, ടി.വി, കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നില്‍ കുട്ടികള്‍ ചെലവഴിക്കേണ്ടി വരുന്നുവെന്ന അധ്യാപകരുടേയും രക്ഷിതാക്കളുടേയും ആശങ്ക കണക്കിലെടുത്താണ് പുതിയ ഭേദഗതി.
ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പരമാവധി 1.30 മണിക്കൂര്‍ വരെ മാത്രമേ ക്ലാസുകള്‍ പാടുള്ളു. 9-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പരമാവധി 3 മണിക്കൂറാണ് ഓണ്‍ലൈന്‍ ക്ലാസിനായി അനുവദിച്ചിരിക്കുന്നത്. നഴ്സറി കുട്ടികള്‍ക്ക് 30 മിനിറ്റ് മാത്രമേ ക്ലാസുകള്‍ എടുക്കാന്‍ പാടുള്ളു. മാനവ വിഭവ ശേഷി വകുപ്പിന്റേതാണ് തിരുമാനം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 16 മുതലാണ് രാജ്യമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കുന്നത്. മാര്‍ച്ച് 24 നാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്ന ജൂണ്‍ മുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കുകയായിരുന്നു.