ന്യുഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച മാര്‍ഗരേഖയിലാണ് ഈ നിര്‍ദേശം. പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ക്കു കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച മൂന്നു പേജുള്ള കത്തില്‍ പറയുന്നു. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗരേഖ.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സി.ആര്‍.പി.സി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണം. അധികാര പരിധിക്കു പുറത്താണെങ്കിലും വിവരം അറിഞ്ഞാല്‍ കേസ് അല്ലെങ്കില്‍ ‘സീറോ എഫ്.ഐ.ആര്‍’ രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ നിയമം പോലീസിന് അധികാരം നല്‍കുന്നു.
ഇരയുടെ മരണമൊഴി മജിസ്ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തിയില്ലെന്നോ സാക്ഷികള്‍ ഒപ്പുവച്ചില്ലെന്നോ എന്നതിന്റെ പേരില്‍ ഒരിക്കലും വിട്ടുകളയാന്‍ പാടില്ല. കേസുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയും കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
കേസ് അന്വേഷണത്തിലും തുടര്‍നടപടികളിലും പോലീസ് റിസേര്‍ച് ഡവലപ്മെന്റ് ബ്യുറോയുടെ സ്റ്റാര്‍ഡ് ഓപറേറ്റിംഗ് പ്രോസിജ്യര്‍ പാലിക്കണം. സെക്ഷ്വല്‍ അസള്‍ട്ട് കലക്ഷന്‍ കിറ്റുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.