32.8 C
Kottayam
Friday, March 29, 2024

നോട്ടുനിരോധനത്തിന് പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി വരുന്നു! പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണം തടയുന്നതിന് നോട്ടുനിരോധനം നടപ്പാക്കിയ മാതൃകയില്‍ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി വരുന്നു. നോട്ടുനിരോധനത്തിന് പിന്നാലെ അതിസാഹസികമായ മറ്റൊരു നീക്കത്തിന് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതിനായി നിയമം അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണം ഉപയോഗിച്ചു കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്. നിശ്ചിത പരിധിയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്ന സ്വര്‍ണ്ണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമര്‍പ്പിക്കുന്ന രീതിയിലാണു നിയമം കൊണ്ടുവരിക. നോട്ടുനിരോധനത്തിനു ശേഷം കള്ളപ്പണം തടയാനുള്ള ശക്തമായ നടപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശം വയ്ക്കുന്നവരില്‍ നിന്നു കനത്ത പിഴ ഈടാക്കാനാണ് മോഡി സര്‍ക്കാരിന്റെ നീക്കം. സര്‍ക്കാര്‍ അംഗീകാരമുള്ള മൂല്യനിര്‍ണ്ണയ സംവിധാനത്തിലൂടെ സ്വര്‍ണ്ണത്തിന്റെ മൂല്യം നിജപ്പെടുത്തും. വിവാഹിതരായ സ്ത്രീകളുടെ നിശ്ചിത തുകയ്ക്ക് താഴെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കും. കുറച്ചുകാലം ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം ആദായനികുതി ആംനെസ്റ്റി സ്‌കീമിനൊപ്പമായിരിക്കും. ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം കൂടാന്‍ തീരുമാനിച്ചിരുന്നു. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.

ധനകാര്യ വകുപ്പും റവന്യു വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിതെന്നാണ് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി ചേര്‍ന്ന് ‘ഗോള്‍ഡ് ബോര്‍ഡ്’ രൂപീകരിക്കും. പുതിയ പദ്ധതിക്കൊപ്പം നിലവിലുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം നവീകരിക്കും. സോവറിന്‍ ബോണ്ട് സ്‌കീം പ്രകാരം വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും (എച്ച്യുഎഫ്) നാല് കിലോ വരെ സ്വര്‍ണ്ണം വാങ്ങാം. പദ്ധതി പ്രകാരം 20 കിലോ സ്വര്‍ണ്ണം വാങ്ങാന്‍ ട്രസ്റ്റുകള്‍ക്ക് അനുമതിയുണ്ട്. കൂടാതെ 2.5 ശതമാനം വാര്‍ഷിക കൂപ്പണും ഉണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിപണി മൂല്യത്തില്‍ സ്വര്‍ണ്ണം വീണ്ടെടുക്കുകയും ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week