സിനിമ-സീരിയല്‍ ചിത്രീകരണത്തിന് അനുമതി; ഷൂട്ടിംഗ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം
ന്യൂഡല്‍ഹി: സിനിമാ- സീരിയല്‍ ചിത്രീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗ് നടത്താമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മാസ്‌കും സാമൂഹിക അകലവും കര്‍ശനമായി പാലിച്ചാവണം ഷൂട്ടിംഗ് എന്നും നിര്‍ദേശം.
സന്ദര്‍ശകരോ കാഴ്ചക്കാരോ ഷൂട്ടിംഗ് ലൊക്കേഷനില്‍ പാടില്ല. സെറ്റുകള്‍, മേക്കപ്പ് റൂമുകള്‍, വാനിറ്റി വാനുകള്‍, ശുചിമുറികള്‍ എന്നിവ ദൈനംദിന ശുചീകരണത്തിന് വിധേയമാക്കണം. കൈ കഴുകാനും സാനിറ്റൈസ് ചെയ്യാനും സെറ്റില്‍ സൗകര്യം വേണമെന്നും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സെറ്റിനുള്ളില്‍ തുപ്പാന്‍ പാടില്ല, കൂടാതെ സെറ്റില്‍ ആരെങ്കിലും രോഗ ബാധിതനായാല്‍ ഉടന്‍ അണുനശീകരണം നടത്തണം. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ഐസൊലേറ്റ് ചെയ്യണമെന്നും മന്ത്രി.
സെറ്റിലുള്ള അഭിനേതാക്കള്‍ ഒഴികെയുള്ളവര്‍ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ഹെയര്‍ സ്‌റ്റൈയിലിസ്റ്റ് തുടങ്ങിയവര്‍ പിപിഇ കിറ്റ് ധരിക്കണം. ആവശ്യത്തിനുള്ളവര്‍ മാത്രം ലൊക്കേഷനില്‍ എത്തിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.