‘സംസ്ഥാനങ്ങള്‍ക്ക് അതിനുള്ള അധികാരമില്ല’ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞ സംസ്ഥാനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നു പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന നിയമമാണിതെന്നും മന്ത്രാലയം പറഞ്ഞു. കേരളത്തിലും ബംഗാളിലും പഞ്ചാബിലും നിയമം നടപ്പിലാക്കില്ലെന്ന് അതാതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്രം ഇക്കാര്യം പറഞ്ഞത്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.
നിയമം പഞ്ചാബില്‍ നടപ്പിലാക്കില്ലെന്നു വ്യക്തമാക്കി വ്യാഴാഴ്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു. നിയമം ഇന്ത്യയുടെ മതേതര സ്വഭാവത്തിനു നേര്‍ക്കുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെ ശക്തിയും അത് നിലനില്‍ക്കുന്നതും നാനാത്വത്തിലാണ്. അതിനെ തകര്‍ക്കുന്ന ബില്ല് തന്റെ സര്‍ക്കാര്‍ നടപ്പിലാക്കില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്ന, ഇന്ത്യയിലെ ജനങ്ങളുടെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന ഒരു നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ല. ഭരണഘടനയുടെ മൂല്യങ്ങളെ ലംഘിക്കുന്ന ബില്ലിനെ തള്ളിക്കളഞ്ഞതായി പ്രഖ്യാപിക്കണമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.