EntertainmentNationalNews

കാവേരി നദീജല തർക്കം: നടൻ സിദ്ധാർത്ഥിന് നേരെ പ്രതിഷേധം, പ്രസ് മീറ്റ് തടസപ്പെടുത്തി (വീഡിയോ)

ബംഗളുരു: തമിഴ് നടൻ സിദ്ധാർത്ഥിന് നേരെ പ്രതിഷേധം. ബംഗളുരു മല്ലേശ്വരത്തുള്ള എസ്ആർവി തിയറ്ററിൽ വച്ചായിരുന്നു സംഭവം. കാവേരി നദീജലത്തർക്കത്തെത്തുടർന്ന്  തമിഴ് സിനിമകൾ കർണാടകയിൽ പ്രദർശിപ്പിക്കരുതെന്ന് കന്നഡ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നഡ രക്ഷണ വേദികെ പ്രവർത്തകർ സിദ്ധാർത്ഥിന്റെ വാർത്താ സമ്മേളനം തടഞ്ഞത്.  

ഇന്ന് റിലീസ് ചെയ്ത ‘ചിക്കു’ എന്ന സിനിമയുടെ പ്രമോഷനായി കർണാടകത്തിൽ എത്തിയതായിരുന്നു സിദ്ധാർത്ഥ്. പ്രസ് മീറ്റ് തുടങ്ങുന്നതിനിടെ ഒരു കൂട്ടം ആളുകൾ തിയറ്ററിന് ഉള്ളിൽ പ്രവേശിക്കുകയും പ്രതിഷേധം ഉയർത്തുകയും ആയിരുന്നു. പിന്നാലെ എല്ലാ മാധ്യമ പ്രവർത്തകരോടും നന്ദി പറഞ്ഞ സിദ്ധാർത്ഥ് അവിടെ നിന്നും പോയി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ സിദ്ധാർത്ഥിന് ഇറക്കിവിട്ടത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാ​ഗം രം​ഗത്തെത്തിയിട്ടുണ്ട്. 

അതേസമയം, കാവേരി പ്രശ്നത്തിൽ നാളെ സംസ്ഥാന വ്യാപക ബന്ദിന് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.  ഇന്ന് അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ 24 മണിക്കൂര്‍ ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ ഉണ്ടാകും. നഗരത്തില്‍ പ്രതിഷേധ റാലികളോ ബന്ദുമായി ബന്ധപ്പെട്ട മറ്റു പ്രതിഷേധ പരിപാടികളോ അനുവദിക്കില്ല. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാനും പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.  

നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര മുന്നറിയിപ്പ് നല്‍കി. 1900ലധികം കന്നട അനുകൂല സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

കന്നട അനുകൂല സംഘടന പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയാനുള്ള സാധ്യത മുന്നില്‍ കണ്ട് ബെംഗളൂരുവിലും മറ്റു ജില്ലകളിലും കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ നേരത്തെ തന്നെ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker