തൊടുപുഴ: തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാന്‍ ആളെകൂട്ടി ഡി.ജെ പാര്‍ട്ടി നടത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കരിമണ്ണൂര്‍ പോലീസാണ് ഉടുമ്പന്നൂര്‍ ടൗണില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തത്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് നടപടി.
തിങ്കളാഴ്ച രാത്രി ഏഴിന് ആരംഭിച്ച ആഘോഷം പാതിരാവോളം നീണ്ടു നിന്നിരുന്നു. ആളുകള്‍ കൂട്ടംകൂടിയ ആഘോഷ രാവിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. നാട്ടുകാര്‍ വിവരം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താനോ നടപടിയെടുക്കാനോ തയാറായില്ലെന്നും ആരോപണമുണ്ട്.
യുഡിഎഫ് ഭരിച്ചിരുന്ന ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ ആഹ്ലാദ സൂചകമായാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. കോതമംഗലത്തു നിന്നുള്ള ഡിജെ സംഘമാണ് പരിപാടി കൊഴുപ്പിക്കാനെത്തിയത്. ആഘോഷത്തില്‍ പങ്കുചേരാന്‍ പഞ്ചായത്തിനു പുറമെ നിന്നും ആളുകളെത്തിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി നൂറുകണക്കിന് ആളുകളെ സംഘടിപ്പിച്ച് ആഘോഷരാവ് സംഘടിപ്പിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസവും മുന്നറിയിപ്പ് നല്‍കിയിരുന്നു.