സുശാന്തിന്റെ മരണത്തില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തു
പാട്ന: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തു. ബിഹാറിലെ മുസാഫര്‍പൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പതാനി സ്വദേശിയായ കുന്ദന്‍ കുമാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. റിയ ചക്രബര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ പരാതി നല്‍കിയത്.
റിയ ചക്രബര്‍ത്തി, സുശാന്ത് സിംഗിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. ഐ.പി.സി 306 (ആത്മഹത്യാ പ്രേരണ), 420 (വഞ്ചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുന്ദന്‍ കുമാര്‍ പരാതി നല്‍കിയത്. നേരത്തെ സുധീര്‍ കുമാര്‍ ഓജ എന്നയാളും സുശാന്തിന്റെ മരണത്തില്‍ പരാതി നല്‍കിയിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍, ആദിത്യ ചോപ്ര, കരന്‍ ജോഹാര്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ സുശാന്തിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഓജ പരാതി നല്‍കിയത്.
ജൂണ്‍ 14നാണ് സുശാന്ത് സിംഗ് രാജ്പുതിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി ഇന്ന് സുശാന്തിന്റെ പാട്നയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. സുശാന്തിന്റെ ബന്ധുവും ബി.ജെ.പി നേതാവുമായ നീരജ് സിംഗ് ബാബ്ലുവിനൊപ്പമാണ് സുശീല്‍ മോഡി താരത്തിന്റെ വീട്ടിലെത്തിയത്.