കോടതിയില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റ് ദീപ മോഹനെ തടഞ്ഞുവച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമടക്കം നാല് പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കി.
വാഹനാപകട കേസിന്റെ വിചാരണയ്ക്കിടെ ഇന്നലെയായിരുന്നു സംഭവം. പ്രതിയായ ഡ്രൈവര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി വാദിയായ സ്ത്രീ മജിസ്ട്രേറ്റിന് മുന്‍പാകെ മൊഴി നല്‍കി. ഇത് മജിസ്ട്രേറ്റിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് മജിസ്ട്രേറ്റ് ഉത്തരവ് ഇറക്കുകയായിരുന്നു.
ഇതോടെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ ചേംബറിലേക്ക് മടങ്ങിയ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞുവച്ചു എന്നാണ് പരാതി. എന്നാല്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടിട്ടില്ലെന്നും പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ വാദം.