CrimeKeralaNews

ഉടമയെ മർദിച്ച് കാർ തട്ടിയെടുത്തു നാലുപേർ അറസ്റ്റിൽ

കോട്ടയം:പണയത്തിനെടുക്കാനെന്ന വ്യാജേന കാർ ഓടിച്ചുനോക്കിയശേഷം നടുറോഡിൽ ഉടമയെ മർദിച്ച് ബി.എം.ഡബ്ല്യു.കാർ തട്ടിയെടുത്ത സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. വൈക്കം ഉദയനാപുരം വല്ലകം കോടമ്മേൽ നികർത്തിൽ വീട്ടിൽ കെ.ആർ.ബൈനു (43), വടയാർ തലപ്പാറ ചേമ്പാലഭാഗത്ത്‌ കൊച്ചുവീട്ടിൽ ഷഫീക് (34), ഉദയനാപുരം മണ്ണമ്പള്ളിൽ വീട്ടിൽ പ്രവീൺ പ്രദീപ് (20), വടക്കേമുറി ഇരുമ്പൂഴിക്കര ഇലകുടിക്കൽ വീട്ടിൽ സുബൈർ (36) എന്നിവരെയാണ് വൈക്കം ഡിവൈ.എസ്.പി. എ.ജെ.തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. എറണാകുളം തോപ്പുംപടി മട്ടാഞ്ചേരിയിൽ പനക്കൽ വീട്ടിൽ ബബുലുവിന്റെ ബി.എം.ഡബ്ല്യു.കാറാണ് വൈക്കം വല്ലകം ഭാഗത്ത്‌ മാറ്റൊരു കാറുപയോഗിച്ച് തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയത്.

നേരത്തേ, ബൈനു മൂന്നരലക്ഷം രൂപയ്ക്ക് ബബുലുവിന്റെ പക്കൽനിന്ന് എസ്.യു.വി.കാർ പണയത്തിനെടുത്തിരുന്നു. കാലാവധി കഴിഞ്ഞിട്ടും ബബുലു കാർ തിരികെയെടുത്തില്ല.

വീണ്ടും കാർ പണയത്തിന് നൽകാനുണ്ടെന്ന് കാട്ടി ബബുലു സമൂഹമാധ്യമത്തിൽ പരസ്യംനൽകി. ഇതുകണ്ട് ഇടപാടുകാരെന്ന വ്യാജേന മൂന്നുപേരെ പ്രതി ബൈനു ബബുലുവിന്റെയടുത്തയച്ചു. ഇവരെത്തിയപ്പോൾ പരസ്യം നൽകിയിരുന്ന കാർ വിറ്റുപോയെന്നും മറ്റൊരു കാർ പണയത്തിന് നൽകാമെന്നും ബബുലു അറിയിച്ചു. ഇതനുസരിച്ച് ഓടിച്ചുനോക്കാനെന്ന വ്യാജേന പ്രതികൾ കാറുമായി വൈക്കം ഭാഗത്തെത്തി.

വിവരമറിഞ്ഞ് ബൈനു മറ്റൊരു കാറിലെത്തി ബി.എം.ഡബ്ല്യു.കാർ തടഞ്ഞുനിർത്തിയശേഷം ബബുലുവിനെ മർദിച്ച് മുദ്രപ്പത്രങ്ങളിൽ ബലമായി ഒപ്പിടീച്ച് വാങ്ങിയശേഷം കാറുമായി രക്ഷപ്പെട്ടു. തുടർന്ന് ബബുലു നൽകിയ പരാതിയിൽ വൈക്കം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തക്ക്‌ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button