34 C
Kottayam
Friday, April 19, 2024

കാന്‍സര്‍ ഉണ്ടെന്ന് ആര്‍.സി.സി, ഇല്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജ്! രോഗിയും ബന്ധുക്കളും ആശങ്കയില്‍

Must read

ഗാന്ധിനഗര്‍: വിവാദം വിട്ടൊഴിയാതെ കോട്ടയം മെഡിക്കല്‍ കോളേജ്. കാന്‍സര്‍ ഇല്ലാത്ത രോഗിയ്ക്ക് കീമോ തെറാപ്പി ചെയ്തതിന് പിന്നാലെ കാന്‍സര്‍ പരിശോധനയുടെ ഫലമാണ് കോട്ടയം മെഡിക്കല്‍ കോളജിനെ കുഴപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ആര്‍സിസിയില്‍ നടത്തിയ പരിശോധനയില്‍ കട്ടപ്പന സ്വദേശിയ്ക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. അതേസമയം കോട്ടയം മെഡിക്കല്‍ കോളജ് പതോളജിയില്‍ നടത്തിയ പരിശോധനയില്‍ രോഗിക്ക് കാന്‍സറില്ല റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഡോക്ടര്‍മാര്‍.
തിരുവനന്തപുരം ആര്‍സിസിയില്‍ നടത്തിയ പരിശോധനാ രേഖകളുമായി കോട്ടയം മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗത്തില്‍ രോഗി ചികിത്സ തേടിയെത്തി. ചികിത്സ ആരംഭിക്കുന്നതിനു മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജ് പതോളജി ലാബില്‍ ബയോപ്‌സി പരിശോധന നടത്തി ലഭിച്ച റിപ്പോര്‍ട്ടില്‍ അര്‍ബുദ രോഗമില്ലെന്ന് കണ്ടെത്തുകയായിരിന്നു. ഇതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ഓങ്കോളജി വിഭാഗം ഡോക്ടര്‍മാര്‍. എന്നാല്‍ രോഗിക്ക് അര്‍ബുദ ചികിത്സ നല്‍കണമെന്ന ബന്ധുക്കളുടെ ആഗ്രഹപ്രകാരം ചികിത്സ നല്‍കുവാന്‍ തയാറാകുകയാണ് ഓങ്കോളജി യൂണിറ്റ് ചീഫ് ഡോ.സുരേഷ് കുമാര്‍. കട്ടപ്പന സ്വദേശി 50 വയസുകാരനാണ് രോഗി.

ഇദ്ദേഹത്തിന്റെ ആമാശയത്തില്‍ അര്‍ബുദം ബാധിച്ചു തുടങ്ങിയെന്നാണ് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നും ലഭിച്ച വിവിധ പരിശോധനാ ഫലങ്ങളില്‍ പറയുന്നത്. തിരുവനന്തപുരത്തെ ചികിത്സയേക്കാള്‍ യാത്രാ സൗകര്യം കോട്ടയം മെഡിക്കല്‍ കോളജ് ആയതിനാല്‍ രോഗിയുടെ ബന്ധുക്കള്‍ ഇവിടെ ചികിത്സ നടത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അതനുസരിച്ച് രോഗിയുമായി ബന്ധുക്കള്‍ ഇന്നലെ ഓങ്കോളജി യൂണിറ്റ് ചീഫ് ഡോ.സുരേഷ് കുമാറിനെ കാണുകയുമായിരിന്നു. എന്നാല്‍ രണ്ടു തരത്തിലുള്ള ബയോപ്‌സി റിപ്പോര്‍ട്ടിന്റെ പേരില്‍ കീമോ തെറാപ്പി ചികിത്സ നടത്തിയത് വിവാദമാവുകയും പോലീസ് കേസ് ഉള്‍പ്പെടെ നിരവധി പരാതി തനിക്കെതിരെ നിലനില്‍ക്കുന്നതിനാല്‍ ചികിത്സ നല്‍കുവാന്‍ ആദ്യം ഡോ.സുരേഷ് കുമാര്‍ വിസമ്മതിച്ചു. തിരുവനന്തപുരത്ത് പോയി ചികിത്സ തുടരുവാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ബന്ധുക്കള്‍ തയാറായില്ല. ഇതോടെ രോഗിക്ക് ചികിത്സ നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week