ഗുരുതര സാമ്പത്തിക തിരിമറി; ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ സി.എ.ജി റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഗുരുതര സാമ്പത്തിക തിരിമറി നടത്തിയെന്ന് സി.എ.ജിയുടെ റിപ്പോര്‍ട്ട്. വിവിധ ആവശ്യങ്ങള്‍ക്കുള്ള തുക ഡിജിപി ഇടപെട്ട് വകമാറ്റി ചിലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലാണ് ഡിജിപിക്കെതിരേ ഗുരുതര കണ്ടെത്തലുകളുള്ളത്. പോലീസുകാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനുള്ള തുക വകമാറ്റി എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും ആഡംബര ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ നല്‍കിയെന്ന ഗുരുതര കണ്ടെത്തലാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആഡംബര ഫ്‌ളാറ്റുകള്‍ പണിയാന്‍ 2.81 കോടി രൂപയാണ് ഇത്തരത്തില്‍ വകമാറ്റി ചിലവഴിച്ചതായി കണ്ടെത്തിയത്.
ഇതിന് പുറമേ ആഭ്യന്തരവകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷനില്‍ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിന് പകരം ടെന്‍ഡറില്ലാതെ ആഡംബര വാഹനങ്ങള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ആഡംബര കാര്‍ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും ഇത് ചട്ടവിരുദ്ധമായ നടപടിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബുളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയപ്പോഴും മാര്‍ഗനിര്‍ദ്ദേശവും നടപടിക്രമവും പാലിച്ചില്ലെന്നാണ് സിഎജി കണ്ടെത്തല്‍
റവന്യൂ വകുപ്പിനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മിച്ചഭൂമി ഏറ്റെടുക്കാന്‍ റവന്യൂവകുപ്പ് കാലതാമസം വരുത്തുന്നുവെന്ന് സിഎജി കണ്ടെത്തി. 1,588 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിലാണ് വകുപ്പ് കാലതാമസം വരുത്തിയിരിക്കുന്നത്. ഫോറന്‍സിക് വിഭാഗത്തില്‍ പോക്‌സോ കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.