കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനായി ജോസ് കെ മാണി എം.പിയെ അവരോധിയ്ക്കാനുള്ള നിര്‍ണായക യോഗം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജോസ് കെ മാണി വിഭാഗത്തെ വെട്ടിലാക്കി പാര്‍ട്ടി ഡപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്.പാര്‍ട്ടിയിലെ യോജിപ്പിനുവേണ്ടി മാത്രമേ താന്‍ നിലകൊള്ളൂവെന്ന് സി.എഫ് വ്യക്തമാക്കി.താനടക്കം മുന്‍കയ്യെടുത്ത് സമവായ ചര്‍ച്ചകള്‍ മുന്നോട്ടു നീങ്ങുന്ന സാഹചര്യത്തില്‍ യോഗം ഉള്‍പ്പെടെ വിളിച്ച് ഭിന്നതയിലേക്ക് നീങ്ങുന്നത് ശരിയല്ല.യോഗത്തില്‍ പങ്കെടുക്കില്ല. പാര്‍ട്ടി ഒരു മിച്ചു കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നതകള്‍ പിളര്‍പ്പിലേക്ക് നയിക്കാതിരിയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ക്രൈസ്തവ സഭാ നേതൃത്വവും ഇടപെട്ടതായാണ് സൂചന.സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം പങ്കെടുത്ത് യോഗം നടന്നാലും ജോസഫിനെ വെല്ലുവിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് യോഗം കടക്കരുതെന്നും സഭാ നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.