ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഒറ്റ പേരുള്ള പട്ടിക കെപിസിസി ഇന്നലെ രാത്രിതന്നെ ഹൈക്കമാന്‍ഡിന് കൈമാറി. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും, കോന്നിയില്‍ പി മോഹന്‍രാജും എറണാകുളത്ത് ടി ജെ വിനോദും, വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാറും സ്ഥാനാര്‍ത്ഥികളാകും. മഞ്ചേശ്വരത്ത് നേരത്തെ തന്നെ എം സി ഖമറുദ്ദീനെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
കെപിസിസിയില്‍ രാത്രി വൈകി മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ബെന്നി ബെഹന്നാനും നടത്തിയ ചര്‍ച്ചയിലാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരണയായത്. കെ സി വേണുഗോപാലുമായും ആശയവിനിമയം നടത്തിയ ശേഷം പട്ടിക ഹൈക്കമാന്‍ഡിന് കൈമാറുകയായിരുന്നു. ഒറ്റപ്പേരുള്ള പട്ടിക നല്‍കിയതിനാല്‍ സാധാരണ നിലയില്‍ ഡല്‍ഹിയില്‍ നിന്നും മാറ്റങ്ങളില്ലാതെ അംഗീകരിക്കുകയാണ് പതിവ്.