32.3 C
Kottayam
Tuesday, April 30, 2024

കച്ചവടസ്ഥാപനങ്ങൾക്ക് വാട്‌സാപ്പ് വഴി പണം നൽകാം;പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിച്ച് മെറ്റ

Must read

മുംബൈ:വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു. ഇനി മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് വഴി പണമിടപാട് നടത്താനാവും. ഇന്ത്യയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. വാട്‌സാപ്പ് ആപ്പില്‍ പേമെന്റ് സംവിധാനം നേരത്തെ തന്നെ നിലവിലുണ്ട്.

പുതിയ അപ്‌ഡേറ്റിലൂടെ വാട്‌സാപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് അവര്‍ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള തുക വാട്‌സാപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാന്‍ പ്രത്യേക സൗകര്യം കമ്പനി അവതരിപ്പിച്ചു. യുപിഐ ഇടപാടിന് പുറമെ പേയു, റേസര്‍ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ്ബാങ്കിങ് ഉപയോഗിച്ചും ഇടപാട് നടത്താനുള്ള സൗകര്യവും വാട്‌സാപ്പ് ഒരുക്കിയിട്ടുണ്ട്.

മറ്റെല്ലാ യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും പണം നല്‍കാനാവും.ഈ പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് വഴി ഇന്ത്യന്‍ വാണിജ്യ സ്ഥാപനങ്ങളുമായി എളുപ്പം പണമിടപാട് നടത്താനാവുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

കൂടാതെ, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മെറ്റ വെരിഫൈഡ് അക്കൗണ്ട് നല്‍കും. വെരിഫൈഡ് ബാഡ്ജ് ഈ അക്കൗണ്ടുകള്‍ക്കുണ്ടാവും. ഇവര്‍ക്ക് മെറ്റയുടെ പ്രത്യേക പിന്തുണ ലഭിക്കും, വ്യാജ അക്കൗണ്ടുകള്‍ തടയും. ഉപഭോക്താക്കള്‍ക്ക് വാണിജ്യ സ്ഥാപനങ്ങളെ വളരെ എളുപ്പം കണ്ടെത്താനും സൗകര്യം ഒരുക്കും. കസ്റ്റം വെബ് പേജ്, കൂടുതല്‍ മള്‍ടി ഡിവൈസ് പിന്തുണ എന്നിവയും ലഭിക്കും.

വാട്സാപ്പ് ഫ്ളോസ് എന്ന പുതിയ സംവിധാനത്തിലൂടെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ ആവശ്യാനുസരണം ചാറ്റുകള്‍ കസ്റ്റമൈസ് ചെയ്യാനാവും. ഉദാഹരണത്തിന് ബാങ്കുകള്‍ക്ക് അപ്പോയ്ന്‍മെന്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും, ഫുഡ് ഡെലിവറി സേവനത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week