മലപ്പുറം: മലപ്പുറത്ത് ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന യുവാവിന്റെ ബുള്ളറ്റ് തീവെച്ചു നശിപ്പിച്ചു. മലപ്പുറം പരപ്പനങ്ങാടി കോട്ടത്തറയിലെ സുബിജിത്തിന്റെ ബുള്ളറ്റാണ് കത്തിച്ചത്. സുബിജിത്തും സഹോദരന് സുകൃജിത്തും നേരത്തെ ആര്.എസ്.എസ് പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. അന്നുമുതല്‍ സ്ഥലത്തെ ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിയുമായി പിന്നാലെയുണ്ടെന്ന് സുബിജിത്ത് പറഞ്ഞു.
സി.പി.എമ്മില്‍ ചേര്‍ന്ന ശേഷം ഇരുവരേയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും സുകൃജിത്തിനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇവരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും കാണാത്തതിനെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്ക് കത്തിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അതേസമയം, പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികളെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. എന്നാല്‍ ആക്രമണം ശ്രദ്ധയില്‍പെട്ടില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടാവാനുള്ള സാധ്യതയില്ലെന്നും ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കി.